ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ 12നാണ് വോട്ടെടുപ്പ്. ഡിസംബര്‍ 8ന് ആണ് വോട്ടെണ്ണല്‍. ഹിമാചലില്‍ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന് വ്യക്തമാക്കി. ചീഫ് ഇലക്ഷന് കമ്മീഷണര്‍ രാജീവ് കുമാറാണ് തിയതികള്‍ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും തെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാസം 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബര്‍ 25 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബര്‍ 27ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബര്‍ 29 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഗുജറാത്തില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.
ഹിമാചലിനൊപ്പം ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തീയതി പിന്നീടേ ഉണ്ടാകൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. ഗുജറാത്തില്‍ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബറില്‍ തന്നെ വോട്ടെടുപ്പ് നടന്നേക്കും. നവംബര്‍ 12ന് ഹിമാചലില്‍ വോട്ടെടുപ്പ് നടക്കുന്നുണ്ടെങ്കിലും വോട്ടെണ്ണല്‍ ഒരു മാസത്തിന് ശേഷമാണ് എന്നതാണ് ഈ സൂചന സജീവമാക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍ ഒരുമിച്ച് നടത്തിയേക്കും.
കാലാവസ്ഥ അടക്കം കണക്കിലെടുത്താണ് ഹിമാചലില്‍ തെരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. 55,07,261 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.


