കെഎം ഷാജിക്ക് പൂര്‍ണ പിന്തുണയുമായി മുസ്ലീം ലീഗ്. സര്‍ക്കാര്‍ ഷാജിയെ വേട്ടയാടുകയാണെന്ന് മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ലെന്നും പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. തിങ്കളാഴ്ച ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് അരക്കോടി രൂപ പിടിച്ചെടുത്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു സാദിഖലി തങ്ങള്‍. കണ്ണൂരിലെ കൊലപാതകത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കെ എം ഷാജിയെ ബലിയാടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇപ്പോള്‍ സര്‍ക്കാരിന് കണ്ണൂരിലെ കൊലപാതകത്തില്‍ നിന്നൊക്കെ ശ്രദ്ധ തിരിക്കണമല്ലോ, അതിനുവേണ്ടി ഷാജിയെ ബലിയാടാക്കുകയാണ്. അത്രേയുള്ളു ആ കാര്യം.
ഷാജിയ്ക്ക് മുസ്ലിം ലീഗിന്റെ പരിപൂര്‍ണ്ണ പിന്തുണയുണ്ട്. തുടക്കം മുതല്‍ തന്നെ ഷാജിക്ക് മുസ്ലിം ലീഗ് എല്ലാ പിന്തുണയും കൊടുത്തിട്ടുണ്ട്. ഷാജിയെ വേട്ടയാടുകയാണെന്ന് പാര്‍ട്ടി ഉറച്ചു വിശ്വസിക്കുന്നു. അങ്ങനെ വേട്ടയാടുമ്പോള്‍ അതിന് വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ,’ സാദിഖലി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജി എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളിലാണ് പരിശോധന നടത്തിയിരുന്നത്. കണ്ണൂരെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിജിലന്‍സ് വിദേശ കറന്‍സികളും കണ്ടെടുത്തു എന്നാണ് വിവരം. കുട്ടികളുടെ ശേഖരമാണ് ഇതെന്നാണ് ഷാജിയുടെ വിശദീകരണം. മഹസറില്‍ രേഖപ്പെടുത്തിയ ശേഷം ഇത് വീട്ടില്‍ തിരികെ വച്ചു.
റമദാന് ദിനത്തിന്റെ തലേ ദിവസം തന്നെ ഇത്തരത്തില്‍ റെയ്ഡ് നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാന പ്രകാരമാണെന്ന് കെ.എം ഷാജി ആരോപിച്ചിരുന്നു. വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാന്‍ തയ്യാറാണ്. എന്നാല്‍, ഇപ്പോള്‍ പിണറായി വിജയന്റെ വിജിലന്‍സ് ചെയ്യുന്നത് സത്യസന്ധമായ അന്വേഷണമല്ലെന്നും കെ.എം ഷാജി പറഞ്ഞു.
തന്നെ എങ്ങിനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്. അതിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ.എം ഷാജി പറഞ്ഞു.