ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെ സര്‍ക്കാര്‍ റിട്ട് ഹര്‍ജി നല്‍കിയേക്കുമെന്ന് സൂചന. സര്‍ക്കാരിന് നേരിട്ട് ഹര്‍ജി നല്‍കാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദ്ദേശം ലഭിച്ചു. ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്ന് എജി പറഞ്ഞു. ലോകായുക്ത ആക്ട് സെക്ഷന്‍ 9 പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചില്ല. സര്‍ക്കാരിന് തുടര്‍നടപടി സ്വീകരിക്കാമെന്നും എജി പറഞ്ഞു.
കെ.ടി ജലീല്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ബന്ധു നിയമന വിവാദത്തില്‍ ലോകായുക്താ വിധിക്കെതിരായ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ജലീലിന്റെ രാജി. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ദൂതന് വഴിയാണ് ജലീല്‍ രാജിക്കത്ത് കൈമാറിയത്. രാജി മുഖ്യമന്ത്രി സ്വീകരിച്ചു.
ബന്ധുവായ കെ.ടി. അദീപിനെ സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ മന്ത്രി കെ.ടി. ജലീല്‍ അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. ജലീലിന് മന്ത്രിയായി തുടരാന്‍ യോഗ്യതയില്ലെന്നും ലോകായുക്ത വിധിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കെ.ടി ജലീലിന് രാജിവയ്ക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നു.
അതേസമയം, ലോകായുക്തയുടെ ഉത്തരവില്‍ അടിയന്തര സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടുള്ള കെ ടി ജലീലിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഒന്നര മണിക്കൂറോളം നീണ്ട വാദത്തിന് ശേഷമാണ് ഹൈക്കോടതിയില്‍ ഇന്നലെ ഹര്‍ജി മാറ്റിവച്ചത്.