കളമശേരി: സിപിഐഎം എറണാകുളം ജില്ല സമ്മേളനത്തിന് തിങ്കളാഴ്ച കൊടി ഉയരും. പൊതുസമ്മേളന നഗറായ കളമശേരി ആശിഷ് കണ്വന്ഷന് ഗ്രൗണ്ടിലെ ടി കെ വത്സന് നഗറില്‍ വൈകിട്ട് ആറിന് ചെമ്പതാക ഉയരും. മൂന്നുദിവസത്തെ സമ്മേളനം ചൊവ്വ രാവിലെ 10ന് ആശിഷ് ഹാളിലെ അഭിമന്യു നഗറില്‍ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
മഹാരാജാസ് കോളേജിലെ അഭിമന്യു സ്മൃതിമണ്ഡപത്തില്‍ നിന്നുള്ള ദീപശിഖാ ജാഥയും പള്ളുരുത്തിയില്‍ ടികെ വത്സന് സ്മൃതികുടീരത്തില്നിന്നുള്ള പതാകജാഥയും തിങ്കള്‍ വൈകിട്ട് അഞ്ചിന് കളമശേരി പ്രീമിയര്‍ കവലയില്‍ സംഗമിക്കും. പതാകയും ദീപശിഖയും സംഘാടകസമിതി ഏറ്റുവാങ്ങും. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പ്രയാണം ആരംഭിക്കുന്ന സംയുക്തജാഥ പൊതുസമ്മേളന നഗറില്‍ എത്തുമ്പോള്‍ സ്വാഗതസംഘം ചെയര്മാന് കെ ചന്ദ്രന്‍പിള്ള പതാക ഉയര്‍ത്തും.
ജില്ലാ സെക്രട്ടറിയറ്റ് അംഗം പിആര്‍ മുരളീധരന് ക്യാപ്റ്റനായ ദീപശിഖാ ജാഥ ജില്ലയില്‍ രണ്ടുദിവസത്തെ പര്യടനശേഷമാണ് വൈകിട്ട് മുട്ടം പാലത്തിലെത്തി കളമശേരിയിലേക്ക് നീങ്ങുന്നത്. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എം ഇസ്മയില്‍ ക്യാപ്റ്റനായ പതാകജാഥ വൈകിട്ട് മുപ്പത്തടം കവലയിലെത്തി കളമശേരിയിലേക്ക് നീങ്ങും.
ചൊവ്വ രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വന്, ടി എം തോമസ് ഐസക്, എം സി ജോസഫൈന്, എ കെ ബാലന്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദന്, ബേബിജോണ്‍, പി രാജീവ് എന്നിവര്‍ പങ്കെടുക്കും.
ഉദ്ഘാടന വേദിയില്‍ മുതിര്‍ന്ന നേതാക്കളായ എം എം ലോറന്‍സ്, കെ എന്‍ രവീന്ദ്രനാഥ്, സരോജിനി ബാലാനന്ദന്, കെ എം സുധാകരന് എന്നിവരെ ആദരിക്കും. സമ്മേളനം ബുധന്‍, വ്യാഴം ദിവസങ്ങളിലും തുടരും. വ്യാഴാഴ്ച പൊതുസമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.

