കഴിഞ്ഞ ദിവസമാണ് പാര്‍വതി തിരുവോത്ത് താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവെച്ചത്. നടി ഭാവനയെ മരിച്ചവരുമായി താരതമ്യം ചെയ്ത ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. സംഘടന തഴഞ്ഞ വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ട് ഭാരവാഹി ഇടവേള ബാബു പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ലെന്ന് കുറിച്ച് കടുത്ത വിമര്‍ശനത്തോടെ ഫെയ്സ്ബുക്കിലൂടെയാണ് പാര്‍വതി അമ്മയില്‍ നിന്ന് രാജിവെച്ചതായി അറിയിച്ചത്.
പാര്‍വതിയെ പിന്തുണച്ച് സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിരിക്കുകയാണ്. നിലപാടുകള്‍ തന്റേടത്തോടെ ഉറക്കെ പറയാന്‍ പാര്‍വതിയെ പോലെയുള്ള പെണ്‍കുട്ടികളെ നമുക്ക് വേണമെന്ന് പി.കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീമതി ടീച്ചറുടെ പ്രതികരണം.
പി.കെ ശ്രീമതി ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്:
AMMA യില്‍നിന്നു പാര്‍വ്വതി രാജി വെച്ചു……. നിലപാടുകള്‍ തന്റേടത്തോടെ ഉറക്കെ ഉറക്കെ പറയാന്‍ വേണം നമുക്ക് പെണ്‍കുട്ടികള്‍ പാര്‍വ്വതിയെപോലെ.
അതേസമയം, ഭാവനയെ പരിഹസിച്ചിട്ടില്ലെന്നായിരുന്നു ഇടവേള ബാബു കഴിഞ്ഞദിവസം പ്രതികരിച്ചത്. അമ്മ നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ ഭാവന ഉണ്ടാകില്ലെന്ന് പറഞ്ഞതിനെ ഒരു വിഭാഗം തെറ്റായി വ്യാഖ്യാനിക്കുക ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്വന്റി ട്വന്റി സിനിമയില്‍ ഭാവനയുടെ കഥാപാത്രം മരിക്കുന്നുണ്ട്. മരിച്ച ഒരാളെ രണ്ടാം ഭാഗത്തില്‍ എങ്ങനെ അഭിനയിപ്പിക്കുമെന്നാണ് പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്. ഭാവന അമ്മയിലെ അംഗമല്ലാത്തതും അഭിനയിപ്പിക്കാന്‍ തടസമാണെന്നും ഇടവേള ബാബു പറഞ്ഞു.
AMMA യിൽനിന്നു പാർവ്വതി രാജി വെച്ചു…….നിലപാടുകൾ തന്റേടത്തോടെ ഉറക്കെ ഉറക്കെ പറയാൻ വേണം നമുക്ക് പെൺകുട്ടികൾ പാർവ്വതിയെപോലെ.
Posted by P.K.Sreemathi Teacher on Monday, October 12, 2020


