മൂവാറ്റുപുഴ: ഇടവേളയ്ക്കുശേഷം വീണ്ടും സിപിഐയില്‍ പൊട്ടിതെറി. സംസ്ഥാന നേതൃത്വത്തിനെതിരെ ദേശിയ നേതൃത്വത്തിന് പരാതി പ്രളയം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ ദേശിയ ജനറല്‍ സെക്രട്ടറിയെ മുന്‍ നിര്‍ത്തി കെ.ഇസ്മയില്‍ പക്ഷം പരാതിയുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. ഇതോടെ ഗ്രൂപ്പ് പോര് വീണ്ടും സജീവമാവുകയാണ്. ദേശിയ സെക്രട്ടറി ഡി.രാജക്കെതിരെ കാനം നടത്തിടയ വിമര്‍ശനങ്ങളെ ആയുധമാക്കി ഇസ്മായില്‍ പക്ഷത്തിന്റെ പുതിയ നീക്കം. കാനത്തിന്റെ വിമര്‍ശനം അസാധാരണവും അനുചിതവുമാണെന്ന് കെ ഇ ഇസ്മായില്‍ കേന്ദ്രനേതൃത്വത്തിന് നല്കിയ പരാതിയില്‍ പറയുന്നു. ഡാങ്കെക്കെതിരെ പോലും വലിയ വിമര്‍ശനം കാനം നടത്തി. ജനറല്‍ സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന സംസ്ഥാന സെക്രട്ടറി തന്നെ നടത്തിയത് ശരിയായില്ലെന്നും ഇസ്മായില്‍. ഇസ്മായില്‍ പക്ഷത്തെ പ്രധാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ ഫോണില്‍ ബന്ധപ്പെട്ടും കാനത്തിനെതിരെ പരാതി അറിയിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറിയെ പരസ്യമായി തള്ളിപ്പറഞ്ഞ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ദേശീയ എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും.
മൂന്നു ദിവസങ്ങളിലായി നടന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങളില്‍ ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്കും ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയ്ക്കും എതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കേരളാ പൊലീസില്‍ ആര്‍എസ്എസ് ഗ്യാംഗ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഇക്കാര്യം ശ്രദ്ധിക്കണം എന്നുമായിരുന്നു ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ആനി രാജ പറഞ്ഞത്. ഇതിനെതിരേ തൊട്ടടുത്ത ദിവസം തന്നെ കാനം രാജേന്ദ്രന് പാര്‍ട്ടി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ആനി രാജയുടെ നടപടി പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് തീരുമാനത്തിന്റെ ലംഘനം എന്നായിരുന്നു കത്തിലെ ആരോപണം
അതേസമയം തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും പാര്‍ട്ടി നേതൃയോഗങ്ങളില്‍ ഉയര്‍ന്നുവന്ന വികാരം കേന്ദ്ര നേതൃത്വത്തെ അറിയിക്കാന്‍ ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തിയ കാര്യം മാത്രമാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് എന്നുമാണ് കാനത്തിന്റെ വിശദീകരണം. ഡാങ്കെയെ പരാമര്‍ശിച്ചു. ഇത് ചരിത്രം ഓര്മിപ്പച്ചതാണെന്നും കാനം പറയുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയില്‍ പൂര്‍ണമായും കാനം പക്ഷത്തിന്റെ ആധിപത്യമായിരുന്നു.
പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ എതിര് വിഭാഗത്തിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ തന്നെയാണ് ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ഇസ്മായില്‍ പക്ഷത്തെ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് ഉള്‍പ്പെടെയുള്ളവര്‍ക്കും ശാസനയുള്പ്പടെ നടപടികള്‍ നേരിടേണ്ടി വന്നിരുന്നു.