വാഹനത്തിന്റെ റൂട്ടില്‍ വ്യത്യാസമുണ്ടായതിന്റെ പേരില്‍ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ്. തനിക്കൊന്നും അറിയില്ലെന്നും റൂട്ട് തീരുമാനിക്കുന്നത് പൊലീസാണെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
റൂട്ട് തീരുമാനിക്കുന്നതില്‍ തനിക്ക് പ്രത്യേകിച്ച് റോള്‍ ഒന്നുമില്ല. എന്തെങ്കിലും കുറവുണ്ടെങ്കില്‍ പൊലീസാണ് അത് പരിഹരിക്കുന്നതെന്നും മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ മന്ത്രിമാരാരും ഇടപെടാറില്ല. ഓരോ വിഷയവും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് പൊലീസിന് അറിയാം. അവര്‍ക്കതിനെല്ലാം ഓരോ രീതികളുണ്ട്. സസ്പെന്‍ഷനിലായ എസ്ഐക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ കിട്ടിയതിനെക്കുറിച്ച് അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം റൂട്ട് മാറ്റം കാരണം മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടായെന്ന് ചൂണ്ടികാട്ടിയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത്. എസ്ഐ എസ്എസ് സാബുരാജന് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എന്‍ ജിസുനില്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പള്ളിച്ചലില്‍ നിന്ന് കരമന കിള്ളിപ്പാലം വഴി അട്ടക്കുളങ്ങരയിലെത്തി ഈഞ്ചയ്ക്കല്‍ ജംഗ്ഷനില്‍ നിന്നും ദേശീയപാത വഴി എറണാകുളത്തേക്ക് പോകാനായിരുന്നു മന്ത്രിയുടെ ഓഫീസിന്റെ തീരുമാനം.
എന്നാല്‍, അകമ്പടി വാഹനം കിള്ളിപ്പാലം തമ്പാനൂര്‍, ബേക്കറി ജംഗ്ഷനുകള്‍ വഴി ചാക്കയിലെത്തിയാണ് ദേശീയ പാതയില്‍ കടന്നത്. രണ്ടു റൂട്ടുകളും തമ്മില്‍ കാര്യമായ വ്യത്യാസമില്ല. പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതില്‍ പൊലീസ് സേനയില്‍ നിന്ന് കടുത്ത വിരര്ശനമാണ് ഉയരുന്നത്. ഇതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം.


