പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ.ടി. ജലീല്‍. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ വന്‍തട്ടിപ്പ് നടക്കുന്നതായും നടത്തിപ്പുകാരന് കുഞ്ഞാലിക്കുട്ടിയുടെ ബെനാമിയാണെന്നും ജലീല്‍ ആരോപിച്ചു. സാമ്പത്തിക കാര്യങ്ങളില്‍ സത്യസന്ധത പുലര്‍ത്താത്തവരാണ്. അങ്കണവാടി ടീച്ചറുടെ അക്കൗണ്ടില്‍ പോലും 80 ലക്ഷം രൂപ നിക്ഷേപിച്ചെന്ന് ജലീല്‍ ആരോപിച്ചു.
കണ്ണമംഗലം സ്വദേശിയായ അംഗണവാടി ടീച്ചറുടെ അക്കൗണ്ട് വഴി അവരറിയാതെ 80 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടത്തിയത്. ഇടപാടുകാരറിയാതെ അവരുടെ അക്കൌണ്ടുകള്‍ വഴി നടത്തിയത് ലക്ഷങ്ങളുടെ പണമിടപാടാണെന്നാണ് കണ്ടെത്തല്‍.
അംഗണവാടിയുടെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപെട്ട 25000 രൂപയുടെ ഇടപാട് നടത്തിയത് ഒഴിച്ചാല്‍ മറ്റ് പണമിടപാടുകള്‍ ഈ അക്കൗണ്ട് വഴി നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ആദയനികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയപ്പോഴാണ് തന്റെ അക്കൗണ്ട് വഴി 80 ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്ന് ടീച്ചര്‍ അറിഞ്ഞത്.
ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ ആരോപിച്ചു. അതിനിടെ വ്യാപക ക്രമക്കേടുകള്‍ നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിലെ കൂടുതല്‍ തിരിമറികള്‍ പുറത്തു വന്നിരുന്നു.


