ഝാര്‍ഖണ്ഡില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നീട്ടി. ഈ മാസം 27 വരെയാണ് ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് നീട്ടിയത്. കൊവിഡ് കണക്കുകളിലെ വര്‍ധനവാണ് തീരുമാനത്തിനു കാരണം. ഇന്ന് വരെയാണ് നേരത്തെ നിയന്ത്രണങ്ങള്‍ തീരുമാനിച്ചിരുന്നത്. അതാണ് ഇപ്പോള്‍ 27 വരെ നീട്ടിയത്.
കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളാണ് പുതിയ നിര്‍ദ്ദേശങ്ങളില്‍ ഉള്ളത്. സംസ്ഥാനത്തേക്ക് എത്തുന്നവര്‍ 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം. 72 മണിക്കൂറിനുള്ളില്‍ സംസ്ഥാനം വിടുന്നവര്‍ക്ക് ഈ നിബന്ധന ബാധകമല്ല. കല്യാണങ്ങളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 11 ആക്കി കുറച്ചു. നേരത്തെ, 50 പേര്‍ക്ക് വിവാഹങ്ങളില്‍ പങ്കെടുക്കാമായിരുന്നു.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉന്നതോദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം നടത്തി. ഓക്സിജന്‍, മരുന്ന് ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പ് വരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


