പാലക്കാട്- തൃശൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിനത്തില്‍. പന്നിയങ്കര ടോള്‍ പ്ലാസയില്‍ അമിത ടോള്‍ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സമരം. 50 ട്രിപ്പുകള്‍ക്ക് പതിനായിരത്തിലധികം രൂപയാണ് നല്‍കേണ്ടി വരുന്നതെന്നും ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നുമാണ് ബസുടമകള്‍ പറയുന്നത്.
150 ഓളം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുക. ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ വിഷയത്തില്‍ ചര്‍ച്ച നടന്നിരുന്നെങ്കിലും യോഗതീരുമാനം ഇനിയും സംയുക്ത സമരസമിതിയെ അറിയിച്ചിട്ടില്ല. സംയുക്ത സമരസമിതി നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരവും തുടരുകയാണ്.
വിഷയത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവെച്ച് പ്രതിഷേധിക്കാനുളള തീരുമാനത്തിലേക്ക് സംയുക്ത സമരസമിതി എത്തിയത്. കഴിഞ്ഞ ദിവസം ടോള്‍ ബാരിക്കേഡ് തകര്‍ത്ത് കടന്നുപോയ ബസുകള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.


