സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ കെവി തോമസിനും ശശി തരൂര്‍ എംപിക്കും ക്ഷണം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം എന്ന വിഷയത്തില്‍ ഏപ്രില്‍ ഒമ്പതിന് കണ്ണൂരില്‍ നടക്കുന്ന സെമിനാറിലാണ് പിണറായി വിജയനും എം.കെ സ്റ്റാലിനുമൊപ്പം കെ വി തോമസ് പങ്കെടുക്കുക. ഏപ്രില്‍ ഏഴിന് മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിലാണ് തരൂര്‍ പങ്കെടുക്കുന്നത്. വ്യത്യസ്ത രാഷ്ട്രീയ ധാരയിലുള്ള പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്ഷണമെന്നാണ് സിപിഐഎം വിശദീകരണം.
സിപിഐഎം- സിപിഐ നേതൃയോഗങ്ങള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടിന്റെ കരട് തയ്യാറാക്കാനുള്ള ചര്‍ച്ചകള്‍ സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ പൂര്‍ത്തിയായി. ചരിത്രപരമായ തുടര്‍ഭരണം നേടിയതിലും വിഭാഗീയത പൂര്‍ണമായി അവസാനിപ്പിക്കാന്‍ കഴിഞ്ഞതിലും കേരള ഘടകത്തെ അഭിനന്ദിക്കുന്നതാണ് രേഖ. എന്നാല്‍ ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ അടിത്തറ ദുര്ബലമായെന്നാണ് വിലയിരുത്തല്‍.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും. പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പായി അംഗത്വ വിതരണം ഉള്‍പ്പെടെയുള്ള സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിപിഐ ദേശീയ എക്സിക്യുട്ടീവ് ദേശീയ കൗണ്‍സില്‍ യോഗം ഡല്‍ഹിയില്‍ ഇന്നും തുടരും.


