പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നാളെ പ്രചാരണ രംഗത്ത് മടങ്ങിയെത്തും. പ്രകടന പത്രിക പുറത്തിറക്കിയ ശേഷമാകും മമത പ്രചാരണത്തിനായി തിരിച്ചെത്തുക.
നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ പതിനാലാം വാര്‍ഷിക ദിനമായ നാളെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കുന്നത്. കഴിഞ്ഞ ദിവസം ആശുപത്രി വിട്ട മമത ബാനര്‍ജി കാളിഘട്ടിലെ വസതിയില്‍ പ്രകടന പത്രിക പ്രഖ്യാപിക്കും. തുടര്‍ന്ന് പ്രചാരണ രംഗത്ത് തിരിച്ചെത്തും. വീല്‍ചെയറില്‍ ഇരുന്നാകും മമത ഇനി പ്രചാരണം നയിക്കുക.
അതേസമയം, മമതയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി അലാപന്‍ ബന്ദ്യോപാധ്യായ തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മമതയ്ക്ക് പരുക്കേറ്റത് കാറിന്റെ ഡോറില്‍ തട്ടിയാണ് എന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.
അതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണത്തിനായി നാളെ ബംഗാളില്‍ എത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ ബംഗാളില്‍ എത്തുന്നത്.


