തൃശൂര്‍: മുക്കംപുഴ ആദിവാസി ഊരിനു ഫൈബര്‍ ബോട്ട് നല്കി സുരേഷ് ഗോപി. സര്‍ക്കാര്‍ പദ്ധതികള്‍ക്കു പിറകെ പാഞ്ഞാല്‍ കാര്യം നടക്കാത്ത സാഹചര്യത്തിലാണ് ഫൈബര്‍ ബോട്ട് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റോഡില്ലാത്ത വെട്ടിവിട്ടകാട് ആദിവാസി ഊരിലേക്ക് സ്ട്രെച്ചര്‍ നല്കാന് സുരേഷ് ഗോപി എത്തിയിരുന്നു. അപ്പോഴാണ് മുക്കംപുഴ കോളനിക്കാരുടെ യാത്രാദുരിതം ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ 10 ദിവസം കൊണ്ട് ഫൈബര്‍ ബോട്ട് നിര്‍മിച്ച് എത്തിക്കുകയായിരുന്നു.
എന്ജിന് ഘടിപ്പിച്ച ബോട്ടാണ് നല്‍കാമെന്ന് ഏറ്റിരുന്നതെങ്കിലും ഡാമില്‍ ഉണ്ടാവുന്ന മലിനീകരണ സാധ്യത മനസ്സിലാക്കി തുഴഞ്ഞു പോകാവുന്ന തരത്തിലുള്ള ബോട്ടാണ് നിര്‍മിച്ചു നല്‍കിയത്. വനവാസി സമൂഹങ്ങളുടെ ക്ഷേമത്തിനു വേണ്ടി സുരേഷ് ഗോപി മുന്‍പും ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച സുരേഷ് ഗോപിക്കു വേണ്ടി ടിനി ടോം ബിജെപിയുടെ കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തിന് ബോട്ട് കൈമാറിയിരുന്നു. അന്ന് തന്റെ ഫെയ്സ്ബുക്കില്‍ ലൈവിലൂടെ ഇക്കാര്യം അന്ന് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇന്ന് കൊരട്ടി ബിജെപി ജില്ല ഓഫീസിനു മുന്പില് നടന്ന ചടങ്ങില്‍ സുരേഷ് ഗോപിയും ടിനി ടോമും എത്തിയിരുന്നു. സംവിധായകന് മാര്‍ത്താണ്ഡനും നിര്‍മാതാവായ സന്തോഷ് പവിത്രനും ചടങ്ങില്‍ പങ്കെടുത്തു.
മലക്കപ്പാറ മുക്കുമ്പുഴ ആദിവാസി കോളനിക്കാര്‍ക്ക് തന്റെ വിവാഹ വാര്‍ഷിക സമ്മാനമായാണ് ബോട്ട് സമ്മാനിച്ചു നല്കാമെന്നേറ്റത്. ആദിവാസി കോളനിയിലെ ആളുകള്‍ രോഗികളുമായി മുളച്ചങ്ങാടങ്ങളില്‍ പോകുന്ന ദുരിത യാത്ര മനസ്സിലാക്കിയ അദ്ദേഹം അവര്‍ക്ക് ഒരു ഫൈബര്‍ ബോട്ട് വാഗ്ദാനം നല്‍കുകയായിരുന്നു. അഞ്ചുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ അഞ്ച് സുരക്ഷാ ജാക്കറ്റും രണ്ടു പങ്കായവുമുണ്ട്.
മീന്‍പിടിത്തക്കാര്‍ക്കും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ജലാശയം കടന്നുപോകുന്നവര്‍ക്കും വനപാലകര്‍ക്കും തുരുത്തുകളില്‍ താമസിക്കുന്ന ഗര്‍ഭിണികളായ സ്ത്രീകളെ ഊരുകളില്‍ എത്തിക്കുന്നതിനും ബോട്ട് പ്രയോജനപ്പെടുമെന്ന് ഊരുമൂപ്പന് രാമചന്ദ്രന് പറഞ്ഞു.