പൊലീസ് ജനസേവന സേനയാണെന്നും അതിനാല്‍ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തന്നെക്കാള്‍ പ്രാധാന്യത്തോടെ തന്റെ മുന്നിലെത്തുന്ന ആളുകളെ പൊലീസ് കാണണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ മൂന്നാം മുറ നടപ്പിലാകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും സ്റ്റേഷന്റെ വിവിധ ഭാഗങ്ങളില്‍ സിസിടിവി സംവിധാനം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിസിടിവിയടക്കം കേരള പൊലീസിന്റെ അടിസ്ഥാന സൗകര്യത്തില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നും രാജ്യത്ത് കേരള പൊലീസ് ഒന്നാം സ്ഥാനത്താണെന്നും പറഞ്ഞു. മാതൃകാപരമായ പ്രവര്‍ത്തനമാണ് പൊലീസ് നടത്തുന്നതെന്നും എന്നാല്‍ വിരലില്‍ എണ്ണാവുന്ന ചിലരുടെ പ്രവര്‍ത്തി സേനയുടെ യശസ്സ് ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത് വെച്ചുപൊറുപ്പിക്കാന്‍ ആകില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സംസ്ഥാനത്തെ 520 പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറ സംവിധാനങ്ങള്‍ നിലവില്‍ വരുമെന്നും ലോക്കപ്പ്, വരാന്ത, സ്വീകരണമുറി, പൊലീസ് ഓഫീസര്‍മാരുടെ മുറി തുടങ്ങി പൊലീസ് സ്റ്റേഷനിലെ വിവിധ സ്ഥലങ്ങളാണ് ക്യാമറ വഴി നിരീക്ഷിക്കുകയെന്നും അറിയിച്ചു.


