കിഫ്ബിക്കെതിരായ സി.എ.ജി പരാമര്‍ശം നിയമസഭ തളളിയതാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സി.എ.ജി നിലപാടില്‍ രാഷ്ട്രീയമുണ്ടോ എന്ന് പറയാനില്ല. ഒരിക്കല്‍ തളളിയ കാര്യം വീണ്ടും വരുന്നത് എന്തുകൊണ്ടെന്ന് ആര്‍ക്കും ഊഹിക്കാം. നിയമം അനുസരിച്ചാണ് കിഫ്ബി പ്രവര്‍ത്തനമെന്നും ധനമന്ത്രി പറഞ്ഞു.
സിഎജിക്കെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്. നിയമസഭ ചര്‍ച്ച ചെയ്ത് തള്ളിയ ആക്ഷേപമാണ് ഉന്നയിച്ചത്. ബാധ്യതകള്‍ വരുന്ന നിര്‍മാണം കിഫ്ബി ഏറ്റെടുക്കുന്നില്ല. കേന്ദ്രവും മറ്റ് സംസ്ഥാനങ്ങളും സമാന രീതിയില്‍ കടമെടുക്കുന്നുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
അതേസമയം, പ്രളയം സര്‍ക്കാര്‍ സൃഷ്ടിച്ചതെന്ന പ്രതിപക്ഷ നിലപാട് ശരിവെയ്ക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടതില്‍ സര്‍ക്കാര്‍ ഉത്തരം പറയണം. കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ധനസ്ഥിതിയിലെ ഭയാനക ചിത്രം സിഎജി ചൂണ്ടികാണിക്കുമ്പോഴാണ് ഭീമമായ കടമെടുത്ത് സര്‍ക്കാര്‍ സില്‍വര്‍ലൈനുമായി മുന്നോട്ടു പോകുന്നതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പ്രതികരിച്ചു.