ആലത്തൂര്‍ എംപി രമ്യാ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സിപിഐഎം സംഘടനാ നേതാവിനെ തരംതാഴ്ത്തി. കാര്‍ഷിക സര്‍വ്വകലാശാലയിലെ സിപിഐഎം സംഘടനാ നേതാവായ സി വി ഡെന്നിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. അതിന് പിന്നാലെയാണ് തരംതാഴ്ത്തല്‍ നടപടി. കെഎയു എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി തസ്തികയില്‍ നിന്നും സെക്ഷന്‍ ഓഫീസര്‍ സ്ഥാനത്തേക്കാണ് തരം താഴ്ത്തിയത്.
സംഭവത്തില്‍ രമ്യാ ഹരിദാസ് എംപി ഗവര്‍ണര്‍ക്കും ലോക്സഭാ സ്പീക്കര്ക്കുമടക്കം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആദ്യം അഞ്ച് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് പടന്നക്കാട് കാര്‍ഷിക സര്‍വ്വകലാശാലയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. സര്‍വ്വകലാശാല നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തരംതാഴ്ത്തല്‍ നടപടി.
എന്നാല്‍ സംഘടനാ സെക്രട്ടറിക്കെതിരെ പ്രതികാര നടപടിയാണ് സ്വീകരിച്ചതെന്ന് എംപ്ലോയീസ് അസോയേഷന്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.


