ഇടപ്പള്ളിയില്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന് തൃത്താലയില്‍ തട്ടിയെടുത്തത് 40 കോടി വിലയുള്ള ഭൂമി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണസ്വാധീനം ഉപയോഗിച്ചാണ് കൂറ്റനാട് മല വില്ലേജില്‍ അഞ്ച് സഹോദരങ്ങളുടെ കൂട്ടുസ്വത്തായ 28.18 ഏക്കര്‍ ഭൂമി തട്ടിയെടുത്തത്. ഇതുസംബന്ധിച്ച് പട്ടാമ്പി കോടതിയില്‍ കേസുണ്ട്.
മുന്‍മന്ത്രി പി കെ അബ്ദുറബ്ബിന്റെ ഭാര്യാസഹോദരനും റിട്ട. പൊലീസ് സൂപ്രണ്ടുമായ ടി സി ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ കൂട്ടുസ്വത്താണ് സ്വന്തമാക്കിയത്. ഖാലിദും കുടുംബവും തൃത്താല മല വില്ലേജില്‍ ഡെന്റി ഫ്രൈസെസ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത് എഫര്മെന്റ് ടൂത്ത് പേസ്റ്റും സൗന്ദര്യവര്‍ധക വസ്തുക്കളും ഉല്‍പ്പാദിപ്പിച്ചിരുന്നു. ഇതിനായി 1978ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തൃശൂര്‍ മെയിന്‍ ശാഖയില്‍ നിന്ന് 65ലക്ഷംരൂപ വായ്പയുമെടുത്തു. 1992ല്‍ വ്യവസായം തകര്‍ന്നു. തുടര്‍ന്ന് വായ്പാതിരിച്ചടവും മുടങ്ങി.
തുടര്‍ന്ന് റവന്യു റിക്കവറിക്ക് ബാങ്ക് നോട്ടീസ് നല്കി. ആറ്കോടിരൂപ നല്കാന് വായ്പ കുടിശ്ശിക ട്രിബ്യൂണല്‍ (ഡിആര്‍എടി)വിധിച്ചു. എന്നാല്‍ ടി സി ഖാലിദ് ചെന്നൈ ട്രിബ്യൂണലില്‍ അപ്പീല്‍ നല്കി. ഇതിനിടയില്‍ 2008ല്‍ വി എസ് രാമകൃഷ്ണന് 4,85,50,000 രൂപയ്ക്ക് ഭൂമി ലേലത്തിലെടുത്തു. മുഹമ്മദാലി എന്നയാള്‍ 4.85 കോടി രൂപ ക്വാട്ട് ചെയ്തിരുന്നു. അതില്‍നിന്ന് 50,000രൂപ അധികം കാണിച്ചാണ് രാമകൃഷ്ണന് ഭൂമി ലേലത്തില്‍ പിടിച്ചത്. ലേലവിവരം ഖാലിദിനെയും സഹോദരങ്ങളയും അറിയിച്ചില്ല. ഇതിനെതിരെ ഖാലിദും കുടുംബവും വീണ്ടും കോടതിയെ സമീപിച്ചു.
ഇതിനിടയില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണസ്വാധീനം ഉപയോഗിച്ച് കൈവശാവകാശരേഖ സമ്പാദിക്കാന്‍ ശ്രമിച്ചു. ഇതിനായി 2013ല്‍ ജെസിബി ഉപയോഗിച്ച് കെട്ടിടം തകര്‍ത്തു. ഇതു സംബന്ധിച്ച് തൃത്താല പൊലീസില്‍ പരാതിയും പട്ടാമ്പി കോടതിയില്‍ കേസുമുണ്ട്.


