സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. സംസ്ഥാന വ്യാപകമായി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനങ്ങള്‍. സെക്രട്ടറിയേറ്റിനു മുന്നില്‍ വന്‍ പ്രതിഷേധം. ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. യുവമോര്‍ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചും ഇന്ന് നടക്കും. മന്ത്രിക്കെതിരെ ഇന്നലെ രാത്രി വൈകി നടന്ന പ്രതിഷേധങ്ങള്‍ പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
അതേസമയം മന്ത്രി കെടി ജലീലിന്റെ വീടിന് സുരക്ഷയൊരുക്കി പൊലീസ്. മന്ത്രി ഇതുവരെ ചോദ്യം ചെയ്യലിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മാധ്യമ പ്രവര്‍ത്തകരുടേതടക്കം ഫോണ്‍ കോളുകള്‍ അറ്റന്റ് ചെയ്യുന്നുമില്ല. ഉത്തരം മുട്ടിയ മന്ത്രിയുടെ നീക്കങ്ങളില്‍ വന്‍ എ്രതിഷേധമാണ് സംസ്ഥാനത്ത് ഉടനീളം നടക്കുന്നത്. പ്രതിഷേധങ്ങള്‍ക്കിടെ സമ്മര്‍ദത്തിലായ മന്ത്രി രാജി വെച്ചേക്കുമെന്ന സൂചന.
അതേസമയം മന്ത്രി ചോദ്യം ചെയ്യലിന് ഹാജരാകുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. തന്റെ ഔദ്യോഗിക വാഹനം മാറി മറ്റൊരു വാഹനത്തില്‍ മന്ത്രി ചോദ്യം ചെയ്യലിനായി പോകുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ഇതിനെതിരെ പികെ കുഞ്ഞാലിക്കുട്ടിയടക്കം പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ജലീല്‍ ചെയ്തത് നിയമ വിരുദ്ധമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്നലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ശേഷവും മന്ത്രിയോട് വിശദാംശങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നുമായിരുന്നു പ്രതികരണം.
മന്ത്രിയുടെ ഉത്തരങ്ങളിലെ വിശ്വാസ്യത പരിശോധിച്ച ശേഷം കെടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യും. പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയില്‍ നിന്ന് തേടിയതെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ് എന്‍ഫോഴ്സ്മെന്റ് കേന്ദ്രങ്ങള്‍ പറയുന്നത്. നയതന്ത്ര ബാഗില്‍ മതഗ്രന്ധങ്ങള്‍ കൊണ്ടുവന്നത് മറയാക്കി പ്രതികള്‍ സ്വര്‍ണക്കളളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നത്.
സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുമായുളള പരിചയം സംബന്ധിച്ച മന്ത്രിയുടെ വിശദീകരണം വ്യക്തമായി പരിശോധിച്ചശേഷമാകും വീണ്ടും വിളിച്ചുവരുത്തുക. യുഎഇ കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടിട്ടാണ് സര്‍ക്കാര്‍ വാഹനത്തില്‍ മതഗ്രന്ധങ്ങള്‍ വിവിധയിടങ്ങളില്‍ എത്തിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം.


