മധ്യപ്രദേശിലെ ഷിയോപൂരില്‍ 10 വയസുകാരനെ മുതല വിഴുങ്ങി. തിങ്കളാഴ്ച രാവിലെ ചമ്പല്‍ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടിയെ മുതല ആക്രമിച്ചത്. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാര്‍ വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി കരയില്‍ എത്തിച്ചു. ഉടന്‍ വീട്ടുകാരെയും ഇക്കാര്യം അറിയിച്ചു.
അതിനിടെ, സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അലിഗേറ്റര്‍ വിഭാഗവും പൊലീസ് സംഘവും സ്ഥലത്തെത്തി. ഗ്രാമവാസികളുടെ പിടിയില്‍ നിന്ന് മുതലയെ രക്ഷിക്കാന്‍ ഇരു കൂട്ടരും ശ്രമിച്ചു. എന്നാല്‍ വൈകുന്നേരമായിട്ടും കുട്ടിയുടെ വീട്ടുകാര്‍ ഇതിന് സമ്മതിച്ചില്ല. മുതലയുടെ വയറ്റില്‍ കുട്ടി ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു 10 വയസ്സുകാരന്റെ കുടുംബാംഗങ്ങള്‍. കുട്ടിയെ മുതല തുപ്പിയാല്‍ മാത്രമേ വിട്ടുകൊടുക്കൂ എന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം.
രഘുനാഥ്പൂര്‍ പൊലീസ് സ്റ്റേഷന് ഇന്‍ ചാര്‍ജ് ശ്യാം വീര്‍ സിംഗ് തോമര്‍ പറയുന്നതനുസരിച്ച്, ‘കുട്ടി കുളിക്കുന്നതിനിടെ നദിയിലേക്ക് ആഴ്ന്നിറങ്ങുകയും ഈ സമയം കുട്ടിയെ മുതല വിഴുങ്ങുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. തുടര്‍ന്ന് വലയും വടിയും ഉപയോഗിച്ച് മുതലയെ അവര്‍ പിടികൂടി. അലിഗേറ്റര്‍ ഡിപ്പാര്‍ട്ട്മെന്റ് ഇക്കാര്യത്തില്‍ നടപടി തുടങ്ങിയിട്ടുണ്ട്”. പൊലീസ് ഉദ്യോഗസ്ഥരുടെയും അലിഗേറ്റര്‍ വിഭാഗത്തിന്റെയും അനുനയത്തിന് ശേഷം ഗ്രാമവാസികള്‍ മുതലയെ മോചിപ്പിച്ചു.


