ഹെലികോപ്റ്റര്‍ അപകടത്തിലെ അത്ഭുതകരമായ രക്ഷപ്പെടലില്‍ പ്രതികരിച്ച് വ്യവസായി എംഎ യൂസഫ് അലി. ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് യൂസഫ് അലിയുടെ പ്രതികരണം. ‘പടച്ചോന് കൊണ്ടു വന്ന് നിര്‍ത്തിയതാണ്. അല്‍ഹംദുലില്ലാഹ്’ എന്നാണ് എറണാകുളത്തെ ലോക്ക്ഷോര്‍ ആശുപത്രിയില്‍ തന്നെ കാണാന്‍ എത്തിയവരോട് യൂസഫ് അലി പറഞ്ഞത്.
യൂസഫ് അലി വളരെ ആത്മവിശ്വാസത്തോടെയും പ്രസന്നതയോടെയുമാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതെന്നും പരിക്ക് ഒട്ടും സാരമുള്ളതല്ലെന്നാണ് കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞതെന്നും ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍ബി സ്വരാജ് പറഞ്ഞത്.
കഴിഞ്ഞ ദിവസമായിരുന്നു യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്. പനങ്ങാട് ഫിഷറീസ് സര്‍വ്വകലാശാല ക്യാംപസിന് സമീപമായിരുന്നു വിമാനം ഇടിച്ചിറക്കിയത്. ഇവിടെ നിന്നും 200 മീറ്റര്‍ അകലെ കുഫോസ് ഗ്രൗണ്ടിലാണ് കോപ്റ്റര്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരുന്ന സ്ഥലം. ഹെലികോപ്റ്ററിന്റെ റണ്ണിംഗ് എന്ജിന് നിന്നതോടെ അഡിഷണല്‍ എന്ജിന് പ്രവര്‍ത്തിപ്പിക്കാന്‍ നോക്കി. എന്നാല്‍ വിജയിക്കാതെ വന്നതോടെ അടിയന്തിരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു വെന്ന് പൈലറ്റായ ശിവകുമാര്‍ അറിയിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരന് ശശി കുമാര്‍ പറഞ്ഞിരുന്നു.
ചതുപ്പ് നിലത്തിലേക്ക് ഇറങ്ങിയ ഹെലികോപ്ടര്‍ ചതുപ്പില്‍ നിന്ന് ഉയര്‍ത്തി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്നെത്തിയ സാങ്കേതിക വിദ്ഗധരുടെ മേല്‍നോട്ടത്തിലാണ് ഹെലികോപ്ടര്‍ നീക്കിയത്.


