സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍വകലാശാല ഭരണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ അതിരൂക്ഷമാണെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. ഉന്നത പദവികളില്‍ ഇഷ്ടക്കാരെ നിയമിക്കുന്നു. തിരുത്താന്‍ പരമാവധി ശ്രമിച്ചുവെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. ചാന്‍സലര്‍ ഭരണഘടന പദവിയല്ലാത്തതിനാല്‍ ഒഴിയാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാര്‍ത്ഥികള്‍ കേരളം വിടേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും ആരിഫ് മുഹമ്മദ് ഖാന് വിമര്‍ശിച്ചു. സര്‍വകലാശാല ചട്ട പ്രകാരമാണ് ഗവര്‍ണര്‍ ചാന്‍സിലര്‍ ആകുന്നത്. ഭരണഘടന പദവി അല്ലാത്തതിനാല്‍ പദവി ഒഴിയാന്‍ സന്നദ്ധതനാണെന്നും ആരിഫ് മുഹമ്മദ് ഖാന് പ്രതികരിച്ചു. തുടര്‍ച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടല്‍ താങ്ങാന്‍ കഴിയാത്തതാണ്.
സര്‍വകലാശാലകള്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു. അതിനായി നിന്ന് കൊടുക്കാന്‍ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരം സംരക്ഷിക്കാന്‍ കഴിയാവുന്നത്ര ശ്രമിച്ചു. രാഷ്ട്രീയ ഇടപെടല്‍ നടത്തരുതെന്ന് പല തവണ ആവശ്യപ്പെട്ടു. ഇനിയും ഇത് തുടര്‍ന്ന് പോകാന്‍ കഴിയില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞ് വയ്ക്കുന്നത്.
ചാന്‍സിലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സ്വാധീനമുള്ളവരുടെ ബന്ധുക്കളെയൊക്കെ പദവികളില്‍ നിയമിക്കുന്നു. ഇതൊക്കെ കൊണ്ട് മങ്ങലേല്‍ക്കുന്നത് കേരളത്തിലെ സര്‍വകലാശാലകളുടെ യശസ്സിനാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാരുമായി ഭിന്നിപ്പിന് താല്‍പ്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.