മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സി.എം. രവീന്ദ്രന് തിരുവനന്തപുരത്തെ വീട്ടിലെത്തി. രണ്ടാഴ്ച പൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതിനുശേഷം വിദഗ്ദപരിശോധന നടത്തും. കഴിഞ്ഞദിവസം നടത്തിയ എം.ആര്.ഐ സ്കാനില്‍ കഴുത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. കടുത്ത തലവേദന, ന്യൂറോപ്രശ്നങ്ങള്‍, ശ്വാസംമുട്ട് തുടങ്ങിയ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാണിച്ച് സി.എം. രവീന്ദ്രന് ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളജിലെത്തിയത്.
സിഎം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ഹാജരാകാന്‍ സാവകാശം തേടി രവീന്ദ്രന് ഇ.ഡിക്ക് കത്തയച്ചിരുന്നു. സി.എം. രവീന്ദ്രന് തുടര്‍ചികിത്സ വേണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. തലവേദന, നടുവേദന തുടങ്ങിയ കാര്യങ്ങളാണ് സി.എം. രവീന്ദ്രന് ചൂണ്ടിക്കാണിച്ചത്.
മൂന്നാം തവണയും ഇഡിയുടെ ചോദ്യം ചെയ്യലിന് സി.എം. രവീന്ദ്രന് ഹാജരാകാതിരുന്നതും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയതും വിവാദമായിരുന്നു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി എം രവീന്ദ്രന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.


