സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ നീക്കിയ നടപടിയില്‍ ബിജെപിയില്‍ അതൃപ്തി. സന്ദീപ് വാര്യര്‍ക്ക് പരോക്ഷ പിന്തുണയുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് രംഗത്തെത്തി. ജയപ്രകാശ് നാരായണിന്റെ ജന്മദിന പോസ്റ്റിലൂടെയായിരുന്നു കെ സുരേന്ദ്രനെതിരെ എംടി രമേശിന്റെ പരോക്ഷ വിമര്‍ശനം.
നീതികേടുകള്‍ക്ക് മുന്നില്‍ നിശബ്ദരാകുന്നത് നിസസാഹയതയല്ലെന്ന് പോസ്റ്റില്‍ പറയുന്നു. നിശബ്ദത വിപ്ലവത്തിന് വേണ്ടിയുള്ള കാത്തിരിപ്പാകാമെന്നും പറയുന്നുണ്ട്. നിരവധി പേരാണ് എംടി രമേശിന്റെ പോസ്റ്റിന് താഴെ സന്ദീപ് വാര്യര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലായിരുന്നു സന്ദീപ് വാര്യരെ പുറത്താക്കാനുള്ള തീരുമാനമുണ്ടായത്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് തീരുമാനം അറിയിച്ചത്. പാര്‍ട്ടിയുടെ പേരില്‍ സാമ്പത്തിക പിരിവ് നടത്തിയെന്നതുള്‍പ്പടെയുള്ള പരാതികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഇതില്‍ ബിജെപിയിലെ ഒരു വിഭാഗം അതൃപ്തരാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് എംടി രമേശിന്റെ പ്രതികരണം.
സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനിത്തിനെതിരെ അണികളും രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയില്‍ നടക്കുന്നത് ഗ്രൂപ്പ് പ്രവര്‍ത്തനം മാത്രമാണെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ഉയരുന്നത്. നേതൃത്വം രാജിവെക്കണം, ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാറ്റി നിര്‍ത്താന്‍ ആണെങ്കില്‍ ആദ്യം മാറ്റി നിര്‍ത്തേണ്ടവര്‍ ഇന്നും സ്ഥാനങ്ങളില്‍ ഇരിപ്പുണ്ട് എന്നതോര്‍ക്കണം എന്നതുള്‍പ്പടെയാണ് അണികള്‍ പറയുന്നത്.