കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്. സീറ്റുകള്‍ സംബന്ധിച്ച് മുന്നണിക്കുള്ളില്‍ അനിശ്ചിതത്വം മാറിയിട്ടില്ലെങ്കിലും പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കും.
എന്നാല്‍ മുന്നണി പ്രവേശനത്തിന് ശേഷം സീറ്റുകള്‍ സംബന്ധിച്ച അന്തിമധാരണയുണ്ടാക്കാമെന്നാണ് സിപിഎം നേതാക്കളുടെ ഉറപ്പ്. മുന്നണിപ്രവേശം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിനോട് സിപിഎമ്മും കേരളകോണ്‍ഗ്രസിനും യോജിപ്പില്ല. 20 സീറ്റുകള്‍ ചോദിച്ച ജോസ് കെ മാണി വിഭാഗത്തിന് 11ലധികം സീറ്റ് നല്‍കാണെന്നാണ് സിപിഎമ്മിന്റെ ഉറപ്പ്.
തദ്ദേശതെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ചാലേ നിയമസഭാസീറ്റുകള്‍ സംബന്ധിച്ച് മുന്നണിയില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് സിപിഎമ്മിന്റെ നിലപാട്. ജോസ് വിഭാഗം എന്‍ഡിഎയിലേക്ക് പോകുമെന്ന് ജോസഫ് വിഭാഗം കൂടി പറഞ്ഞതോടെ പ്രഖ്യാപനം വൈകിക്കേണ്ടതില്ലെന്ന് ജോസ് കെ മാണി വിഭാഗം തീരുമാനമെടുക്കുകയായിരുന്നു.
കഴിഞ്ഞ പ്രാവശ്യം മത്സരിച്ച സീറ്റുകള്‍ വേണമെന്ന ഉറച്ച നിലപാട് ജോസ് കെ മാണി വിഭാഗം ചര്‍ച്ചകളിലെടുത്തു. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളായ പേരാമ്പ്ര റാന്നി ചാലക്കുടി സീറ്റുകളെ കുറിച്ചാണ് തര്‍ക്കം. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ട് കൊടുക്കുന്ന കാര്യത്തില്‍ സിപിഐക്കും എതിര്‍പ്പുണ്ട്. പാലാ സീറ്റ് വിട്ട് കൊടുക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പന്. എന്നാല്‍ പാലായില്‍ വിട്ടുവീഴ്ചയില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിക്കഴിഞ്ഞു. പാലാ ജോസ് വിഭാഗത്തിന് തന്നെയായിരിക്കും. അതിനാല്‍ മാണി സി കാപ്പനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.


