കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഏകീകരിച്ച വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 20ന് പുറത്തിറക്കും. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള ഒമ്പതിനായിരത്തിലധികം പേരുടെ പേരു വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടികയുടെ സുതാര്യതയില്‍ കത്തെഴുതിയ തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് സമിതി മറുപടി നല്കി.
10 അംഗങ്ങളുടെ പിന്തുണയോടെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ആര്‍ക്കും പട്ടിക പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദനന് മിസ്ത്രീ മറുപടിയില്‍ പറഞ്ഞു. പതിനൊന്ന് മണിക്കും ആറുമണിക്കും ഇടയില്‍ വോട്ടര്‍ പട്ടിക പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് സമിതി നിര്‍ദേശിച്ചു.
വോട്ടര്‍ പട്ടിക ആവശ്യപ്പെടുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് മധുസൂദന്‍ മിസ്ത്രിക്ക് അയച്ച കത്തില്‍ എംപിമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ ആഭ്യന്തര രേഖകള്‍ പുറത്തു വിടണമെന്നല്ല പറയുന്നത്. ആരൊക്കെയാണ് നാമനിര്‍ദേശം ചെയ്യപ്പെടാന്‍ യോഗ്യതയുള്ളവര്‍, ആര്‍ക്കാണ് വോട്ടവകാശം ഉള്ളത് എന്നു വ്യക്തമായി അറിയാന്‍ ഇതുവഴി സാധിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പട്ടിക പുറത്തുപോകുന്നതില്‍ ആശങ്കയുണ്ടെങ്കില്‍ അതിലെ വിവരങ്ങള്‍ വോട്ടവകാശം ഉള്ളവരിലേക്കും സ്ഥാനാര്‍ത്ഥികളാകാന്‍ കാത്തിരിക്കുന്നവരിലേക്കും കൃത്യമായി എത്തിക്കണം. ഈ ആവശ്യം അംഗീകരിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചുള്ള ആശങ്കകള്‍ അവസാനിക്കുമെന്നും എംപിമാര്‍ കത്തില്‍ പറയുകയുണ്ടായി.