അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കാന്‍ നിയമ സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഉള്ള സര്‍ക്കാര്‍ തീരുമാനത്തോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് യോജിച്ചു. ഇതേ തുടര്‍ന്ന് ഓര്‍ഡിനന്‍സുകള്‍ രാജ്ഭവന് സര്‍ക്കാരിലേക്ക് തിരിച്ചയച്ചു. ഇനി നിയമ സഭയില്‍ ബില്‍ പാസാക്കിയാല്‍ ഗവര്‍ണര്‍ ഒപ്പിടും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. സര്‍ക്കാരുമായുള്ള പോരിനിടെ ദില്ലിയിലായിരുന്ന ഗവര്‍ണര്‍ ഇന്നു തലസ്ഥാനത്തു മടങ്ങി എത്തും.
ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ 2 വരെ നിയമ നിര്‍മാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ സര്‍ക്കാരിന് തിരിച്ചു നല്കി. ബില്‍ തയാറാക്കാനാണ് ഓര്‍ഡിനന്‍സുകള്‍ മടക്കി നല്‍കിയത്. ഗവര്‍ണറുടെ കടും പിടുത്തത്തെ തുടര്‍ന്ന് അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ ഇന്നലെ രാവിലെ തീരുമാനിച്ചിരുന്നു.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉടന്‍ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ അസാധുവായ സ്ഥിതിയിലാണ് അതിവേഗം സര്‍ക്കാര്‍ സമ്മേളനം വിളിക്കാന്‍ നീക്കം തുടങ്ങിയത്. ഓര്‍ഡിനന്‍സ് ഒപ്പിട്ടിട്ടില്ലെന്ന് മാത്രമല്ല രാജ്ഭവന് സര്‍ക്കാറിലേക്ക് തിരിച്ചയച്ചിട്ടുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാനുള്ള സാധ്യത അടഞ്ഞതോടെയാണ് ബില്‍ കൊണ്ടുവരാന്‍ സഭ ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച മന്ത്രിസഭാ യോഗ തീരുമാനമാണ് വൈകീട്ട് ഗവര്‍ണര്‍ അംഗീകരിച്ചത്.
നിയമസഭ പാസാക്കിയ ചില ബില്ലുകളില്‍ ഇനിയും രാജ്ഭവന് തീരുമാനമെടുക്കാതെ മാറ്റി വച്ചിരിക്കുന്നതിനാല്‍ ഗവര്‍ണറുമായി സമവായത്തിലെത്താന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതരാക്കുന്നുണ്ട്. ഒരിക്കല്‍ ഒപ്പിട്ട ഓര്‍ഡിനന്‍സില്‍ വീണ്ടും ഒപ്പിടാന്‍ എന്തിനാണ് സമയമെന്ന നിയമ മന്ത്രിയുടെ വിമര്‍ശനം തള്ളി ഒരിഞ്ചും പിന്നോട്ടില്ലെന്ന് നിലപാടിലാണ് ആരിഫ് മുഹമ്മദ് ഖാന്. താന്‍ ആരുടെയും നിയന്ത്രണത്തിലല്ലെന്നും സമയമെടുക്കാതെ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുന്ന പ്രശ്നമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.


