സിപിഎം സംസ്ഥാന നേതൃത്വത്തിലും യുവ നിരയ്ക്ക് വഴിയൊരുങ്ങുന്നു. പ്രായപരിധി നിബന്ധന കടുപ്പിക്കുന്നതോടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് അഞ്ചുപേരാണ് ഒഴിവാകുന്നത്. സംസ്ഥാന സമിതിയില്‍ നിന്ന് പതിനഞ്ചു പേരെയെങ്കിലും ഒഴിവാക്കും
സിപിഎം നേതൃത്വത്തില്‍ 75 വയസ് കഴിഞ്ഞവര്‍ വേണ്ട എന്ന കേന്ദ്രകമ്മിറ്റി തീരുമാനം സംസ്ഥാന സമ്മേളനത്തിലും നടപ്പിലാകുന്നതോടെയാണ് നേതൃത്വത്തിലേക്ക് യുവനിര കടന്നു വരാന്‍ വഴി തെളിഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് മന്ത്രിസഭാ രൂപീകരണത്തിലും പരീക്ഷിച്ച് വിജയിച്ച തന്ത്രം സംഘടനാ തലത്തിലേക്കും പകര്‍ത്തുകയാണ് സിപിഎം.
75 വയസിനു മുകളില്‍ പ്രായമുള്ള അഞ്ചുപേര്‍ നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ട്. ആനത്തലവട്ടം ആനന്ദന്, കെ.ജെ.തോമസ്, പി. കരുണാകരന്, എം.എം. മണി എന്നിവരാണ് പ്രായ നിബന്ധന മൂലം ജനുവരിയില്‍ നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ വച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാകുക. കേന്ദ്ര കമ്മിറ്റിയംഗം എന്ന നിലയില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്ന വൈക്കം വിശ്വനും ഒഴിവാകും.
ഇവര്‍ക്ക് പുറമെ രണ്ടുപേരെ കൂടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഏഴുപേര്‍ക്ക് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് വഴിതുറക്കും. പ്രായ നിബന്ധന വഴി സംസ്ഥാന സമിതിയില്‍ നിന്ന് പതിനഞ്ചോളം പേരും ഒഴിവാകും. പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റിലും സമിതിയിലും ഉള്‍പ്പെടുത്തുന്നവരില്‍ ചിലര്‍ യുവാക്കളായിരിക്കും.
കേരളത്തില്‍ നിന്നുള്ള മൂന്ന് കേന്ദ്ര കമ്മിറ്റിയംഗങ്ങളും പ്രായ നിബന്ധന മൂലം ഒഴിവാകുന്നുണ്ട്. ഇതില്‍ ആരെയെങ്കിലും പ്രത്യേക ക്ഷണിതാക്കളായി നിലനിര്‍ത്തുമോയെന്നാണ് അറിയേണ്ടത്. നിലവില്‍ വി.എസ്. അച്യുതാനന്ദനും പാലൊളി മുഹമ്മദ് കുട്ടിയും കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാണ്.


