പള്‍സര്‍ സുനിയും ദിലീപുമൊപ്പമുള്ള ചിത്രം മോര്‍ഫ് ചെയ്തതാണെന്ന മുന്‍ ഡിജിപി ആര് ശ്രീലേഖയുടെ അവകാശവാദം തള്ളി ഫോട്ടോയെടുത്ത തൃശൂര്‍ സ്വദേശിയായ ബിദില്‍. ചിത്രം എഡിറ്റ് ചെയ്തിട്ടില്ലെന്നും മോര്‍ഫ് ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും ബിദില്‍ മാധ്യമങ്ങളോട് പറഞ്ഞു.
”അന്ന് ബാറിലെ ജീവനക്കാരനായിരുന്നു. ഷൂട്ടിംഗ് വന്നപ്പോള്‍ ഞങ്ങള്‍ വെറുതെ ലൊക്കേഷനില്‍ പോയി നോക്കിയതാണ്. ദിലീപേട്ടന് ഫ്രീയായപ്പോള്‍ കാറിന്റെ അടുത്ത് പോയി ഫോട്ടോ എടുത്തു. ഫോട്ടോയില്‍ എഡിറ്റിംഗ് നടത്തിയിട്ടില്ല. മോര്‍ഫ് ചെയ്തിട്ടില്ല. ക്യാമറയില്‍ എടുത്ത ഫോട്ടോ തന്നെയാണിത്. എടുത്ത ഉടന്‍ തന്നെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിലും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുത്തു. ഫോട്ടോയുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങളെല്ലാം കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്.”
അതിന്റെ പിന്നില്‍ നില്ക്കുന്ന ആള് പള്‍സര്‍ സുനിയാണെന്ന കാര്യം ഇപ്പോഴും അറിയില്ലെന്നും ഫോട്ടോ എടുത്ത മൊബൈല്‍ അന്ന് തന്നെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നെന്നും ബിദില്‍ പറഞ്ഞു.
ദിലീപും പള്‍സര്‍ സുനിയും ഒപ്പമുള്ള ചിത്രം വ്യാജമായി നിര്‍മ്മിച്ചതാണെന്നായിരുന്നു ശ്രീലേഖയുടെ വാദം. താന്‍ ഇക്കാര്യം മുതിര്‍ന്ന ഉദ്യോഗസ്ഥനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഇത് സമ്മതിച്ചിരുന്നെന്നും ശ്രീലേഖ യുട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. കേസില്‍ ദിലീപിന് എതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നുമായിരുന്നു ശ്രീലേഖയുടെ പരാമര്‍ശങ്ങള്‍. കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ല, ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പൊലീസുകാരനാണെന്നും അവര്‍ പറഞ്ഞിരുന്നു.
ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീലേഖയെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം. തുടര്‍ച്ചയായി കേസിനെ ബാധിക്കുന്ന തരത്തിലുള്ള ആരോപണം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് നടപടി.


