ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സ്വര്‍ണ്ണക്കടത്ത് കേസും അതിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവാദങ്ങളും സംസ്ഥാനത്ത് കത്തി നില്‍ക്കെയാണ് ആരോപണങ്ങള്‍ ഉന്നയിച്ച സ്വപ്ന സുരേഷ് ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് അറിയിച്ചത്. ശാരീരികാസ്വാസ്ഥ്യം മൂലം സ്വപ്ന ഓഫീസില്‍ എത്തില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. രണ്ട് ദിവസത്തെ വിശ്രമം ആവശ്യമുണ്ടെന്നും അതുകൊണ്ട് തന്നെ ഇന്ന് മാധ്യമങ്ങളെ കാണാന്‍ ഉദേശിക്കുന്നില്ലെന്നുമാണ് സ്വപ്നയുടെ ഓഫീസ് അറിയിക്കുന്നത്.
പിണറായി വിജയന് സര്‍ക്കാരിന്റെ ദൂതനായാണ് ഷാജ് കിരണ്‍ എത്തിയതെന്ന ആരോപണത്തിന്റെ തെളിവായുള്ള ശബ്ദ സന്ദേശം ഇന്നലെ സ്വപ്ന പുറത്തു വിട്ടിരുന്നു. ഗുരുതര ആരോപണങ്ങളാണ് പുറത്തു വിട്ട ശബ്ദ സന്ദേശത്തിലൂടെ മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനുമെതിരെ സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. ”കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ… അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ വെറുതെ വിടില്ല…” തുടങ്ങിയ ഭീഷണികളടങ്ങുന്ന ശബ്ദ സന്ദേശമാണ് സ്വപ്ന സുരേഷ് പുറത്തു വിട്ടിരിക്കുന്നത്.
‘എന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നല്‍കിയത്. കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്സ് ചര്‍ച്ച് വഴിയാണ്. മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകളൊക്കെ പോകുന്നത് അമേരിക്കയിലേക്കാണ്. നികേഷ് കുമാര്‍ ആരാണ് എന്താണെന്നൊന്നും എനിക്കറിയില്ല. നികേഷുമായി എനിക്ക് യാതൊരു ബന്ധവുമില്ല’. സ്വപ്ന പറഞ്ഞു.
തട്ടിക്കൊണ്ടു പോയ സരിത്തിനെ വിജിലന്‍സ് വിട്ടയക്കുമെന്ന് ഷാജ് കിരണ്‍ ആണ് തന്നോട് പറഞ്ഞതെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തി. ഷാജ് കിരണിനെ വര്‍ഷങ്ങളായി അറിയാം. ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. പരിചയം പുതുക്കിയത് ശിവശങ്കറിന്റെ പുസ്തകമിറങ്ങിയ ശേഷമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
ഷാജ് കിരണ്‍ എന്നയാള്‍ പാലക്കാടെത്തി തന്നെ കണ്ട് രഹസ്യമൊഴി പിന്‍വലിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു സ്വപ്ന ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. ആര്.എസ്.എസിന്റെയും ബി.ജെ.പിയുടെയും സമ്മര്‍ദം കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതെന്ന് വീഡിയോയില്‍ ചിത്രീകരിച്ച് നല്‍കണമെന്ന് ഷാജ് കിരണ്‍ ആവശ്യപ്പെട്ടതായും സ്വപ്ന പറഞ്ഞിരുന്നു.
വീഡിയോ മുഖ്യമന്ത്രിക്ക് കൈമാറാനുള്ളതാണെന്ന് അറിയിച്ചെന്നും സ്വപ്ന സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ഇതിനു തൊട്ടുപിന്നാലെ സ്വപ്നയുടെ ആരോപണം നിഷേധിച്ച് ഷാജ് കിരണ്‍ രംഗത്തെത്തുകയായിരുന്നു. തനിക്ക് സ്വപ്നയുമായി സൗഹ്യദമുണ്ടെന്നും മുഖ്യമന്ത്രിയുട ദൂതനായല്ല പാലക്കാട് പോയതെന്നുമായിരുന്നു ഷാജ് കിരണിന്റെ വാദം.


