സ്വര്‍ണക്കടത്ത് കേസിന്റെ ഭാഗമായി അന്വേഷണ ഏജന്‍സികള്‍ക്കു മേല്‍ രാഷ്ട്രീയ സമ്മര്‍ദം ഭീകരമാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുന്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ. ഷൈജന്‍ സി ജോര്‍ജ്. സ്വര്‍ണക്കടത്ത് കേസന്വേഷണം ഏറ്റെടുക്കുമ്പോള്‍ ഇഡിക്കൊപ്പമുണ്ടായിരുന്നു. ആറു വര്‍ഷമായി തുടരുന്ന സ്റ്റാന്‍ഡിങ് കോണ്‍സല്‍ സ്ഥാനം സുഖകരമല്ലാതായപ്പോള് ഒഴിയുകയായിരുന്നെന്നും അത് നന്നായെന്ന് ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം അന്വേഷണമാരംഭിച്ചത് കസ്റ്റംസ് ആണ്. അവസാനം കേസെടുത്തത് ഇഡിയും. തുടക്കത്തില്‍ കസ്റ്റംസ് ശരിയായ ദിശയിലായിരുന്നു. എന്നാല്‍ പിന്നീട് കസ്റ്റംസ് എന്തോ വഴിവിട്ട് ചെയ്യാന്‍ പോകുന്നുവെന്ന പ്രതീതി മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് ഉണ്ടായി. ഇഡി അന്വേഷണ ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടെ അതിന്റെ മാറ്റം പ്രകടമായി.
ആസൂത്രിത ലക്ഷ്യത്തോടെ ചില നടപടികള്‍ ആവശ്യപ്പെട്ടു വഴിവിട്ട് കാര്യങ്ങള്‍ ചെയ്യാന്‍ വിസമ്മതിച്ചതോടെ അവിടെ തുടരാനാകില്ലെന്ന് ബോധ്യമായി. മുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പിന്നീട് സ്റ്റാന്‍ഡിങ് കോണ്‍സല്‍മാര്‍ക്ക് ഉള്‍പ്പെടെ കിട്ടിത്തുടങ്ങി. ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയ ഇടപെടലാണ് അതെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. അതോടെ അന്വേഷണ ഏജന്‍സികള്‍ക്കിടയില്‍ ഏകോപനവുമുണ്ടായി. ഇതിനൊന്നും വഴിപ്പെടാതെ താന്‍ നടത്തിയ നിയമപരമായ നടപടികള്‍ അവര്‍ക്ക് തൃപ്തികരമല്ലാതായി. സ്വപ്നയുടെയും സരിത്തിന്റെയും കസ്റ്റഡി അപേക്ഷ ഇഡിക്കു വേണ്ടി ആദ്യം കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് റദ്ദാക്കിച്ചു. ആസൂത്രിതമായ ലക്ഷ്യത്തോടെ ചില നടപടികള്‍ അവര്‍ ആവശ്യപ്പെട്ടു. വഴിവിട്ട് കാര്യങ്ങള്‍ ചെയ്യാന്‍ വിസമ്മതിച്ചതോടെ അവിടെ തുടരാനാകില്ലെന്ന് ബോധ്യമായി. ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം പോരെന്ന് ഇഡി പരാതി പറഞ്ഞതോടെ സ്ഥാനമൊഴിയുകയായിരുന്നെന്ന് ഷൈജന്‍ സി ജോര്‍ജ് പറഞ്ഞു.
ബിജെപി മുഖപത്രത്തിന്റെ ലീഗല്‍ അഡൈ്വസറായിരുന്ന ടി എ ഉണ്ണികൃഷ്ണനാണ് ഷൈജനെ തുടര്‍ന്ന് ഇഡിയുടെ സ്റ്റാന്‍ഡിങ് കോണ്‍സലായത്. ഇഡി അന്വേഷിക്കുന്ന കേസിന്റെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടര്‍ പി രാധാകൃഷ്ണനെതിരെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതിസ്ഥാനത്തു കൊണ്ടുവരാന്‍ ഇഡി പ്രത്യേക താല്‍പ്പര്യം കാണിച്ചുവെന്നാണ് മൊഴി.


