ശബരിമലയിലെ അരവണ വിതരണം താത്കാലികമായി നിര്‍ത്തിവച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ഉപയോഗിച്ച് നിര്‍മ്മിച്ച അരവണ വിതരണം ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെയാണ് വിതരണം നിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും തീര്‍ത്ഥാടകരെ ഇക്കാര്യം അറിയിച്ചതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു. നാളെ മുതല്‍ ഏലയ്ക്ക ഇല്ലാത്ത അരവണ നിര്‍മ്മിക്കാനാണ് തീരുമാനം.
ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം അരവണയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഏലക്കയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. അനുവദനീയമായതില്‍ കൂടുതല്‍ കീടനാശിനി സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്ത അരവണ വിതരണം ചെയ്യരുതെന്നും ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.


