ഭീമ കൊറേഗാവ് കേസില്‍ പ്രതിയായ കവി വരവരറാവുവിന് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രീം കോടതി ഉത്തരവ്. ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ചാണ് ജാമ്യം. പാര്ക്കിന്സണ് രോഗത്തിന് ചികില്‍സയിലാണ് 82 വയസായ വരവരറാവു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന് ചിവ വ്യവസ്ഥകളോടെയാണ് വരവര റാവുവിന് സ്ഥിരം ജാമ്യം സുപ്രീം കോടതി അനുവദിച്ചത്
ചികില്‍സ എവിടെയാണെന്ന് എന്‍ഐഎയെ അറിയിക്കണം. വിചാരണ കോടതിയുടെ പരിധി വിട്ട് പോകാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. 82 വയസുള്ള ആളെ ഇനിയും ജയിലിലേക്ക് വിടുന്നത് ശരിയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു
വരവരറാവുവിനെതിരായ കണ്ടെത്തലുകള്‍ എങ്ങനെ തെളിക്കാനാകുമെന്ന് സുപ്രീം കോടതി എന്‍ഐഎയോട് ചോദിച്ചു. എന്‍ഐഎ ഹാജരാക്കിയ തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് വരവര റാവുവിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. ഇലക്ട്രോണിക്സ് തെളിവുകള്‍ വ്യാജമായി നിര്‍മ്മിച്ചതിന് അന്തരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നെന്നും വരവര റാവുവിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
വരവര റാവുവിന്റെ ആരോഗ്യാവസ്ഥ വളരെ മോശമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് പറഞ്ഞു. സ്റ്റാന്‍ സ്വാമിയുടെ അവസ്ഥയാകും വരവരറാവുവിനെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ജയിലില്‍ ഇട്ടാല്‍ വരവരറാവുവിന്റെ ആരോഗ്യനില മെച്ചപ്പെടുമോ എന്ന് എന്‍ ഐ എ യോട് സുപ്രീം കോടതി ചോദിച്ചു. വരവരറാവുവിന്റെ സ്ഥിര ജാമ്യപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി എന്‍ഐഎയോട് ഈ ചോദ്യം ചോദിച്ചത്.
എന്നാല്‍ വരവരറാവുവിന് ഒരു ആരോഗ്യ പ്രശ്നവുമില്ലെന്ന് എന്‍ഐഎ കോടതിയില്‍ പറഞ്ഞു. ഗൗരവകരമായ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് വരവരറാവു നടത്തിയതെന്നും എന്‍ഐഎ സുപ്രിം കോടതിയില്‍ പറഞ്ഞു. വരവരറാവു നടത്തിയ ഗൂഢാലോചനയില്‍ എത്ര പേര് മരിച്ചെന്ന് സുപ്രിം കോടതി എന്‍ഐഎയോട് ചോദിച്ചു.
2018 ആഗസ്റ്റിലാണ് ഭീമ കൊറേഗാവ് കേസില്‍ വരവര റാവു അറസ്റ്റിലാകുന്നത്. ഭീമാ കൊറേഗാവ് കേസില്‍ അമേരിക്കന്‍ മാഗസീനായ വയേഡ് കഴിഞ്ഞയിടയ്ക്ക് വന്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കുറ്റാരോപിതര്‍ക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍ പൂനെ പൊലീസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കയിലെ സൈബര്‍ ഏജന്‍സികള്‍ കണ്ടെത്തിയതായായിരുന്നു വെളിപ്പെടുത്തല്‍. മലയാളിയായ ഹാനിബാബു അടക്കമുള്ളവര്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ മാത്രമാണ് ഉള്ളതെന്നിരിക്കെ നിര്‍ണായകമാണ് പുതിയ വിവരങ്ങള്‍.
മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടാന്‍ എങ്ങനെയാണ് ഭരണകൂടം സൈബര്‍ കുറ്റകൃത്യം നടത്തുന്നതെന്ന ആമുഖത്തോടെയാണ് ആന്‍ഡി ഗ്രീന്‍ബര്‍ഗ് നിര്‍ണായക വിവരങ്ങള്‍ വയേഡില്‍ പങ്കുവയ്ക്കുന്നത്. ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് റോണാ വില്‍സന്റെ ലാപ് ടോപ്പ് പരിശോധിച്ച അമേരിക്കന്‍ സൈബര്‍ ഫോറന്‍സിക് സ്ഥാപനമായ ആര്‍സണല്‍ കണ്‍സള്‍ട്ടന്‍സി ലാപ്ടോപ്പില്‍ വിവരങ്ങള്‍ അറസ്റ്റിനു ശേഷം കൃത്രിമമായി ചേര്‍ത്തത് ആണെന്ന വിവരം കഴിഞ്ഞ വര്‍ഷം പുറത്ത് വിട്ടിരുന്നു.
സെന്റിനല്‍ വണ്‍ എന്ന അമേരിക്കന്‍ സൈബര്‍ സുരക്ഷാ സ്ഥാപനം നടത്തിയ തുടര്‍ അന്വേഷണത്തിലാണ് ഈ തെളിവുകള്‍ പൂനെ പൊലീസ് തന്നെ സ്ഥാപിച്ചതാണെന്ന് കണ്ടെത്തിയത്. വരവര റാവുവിന്റെയും, റോണാ വില്‍സന്റെയും, മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന്റെയും ലാപ്ടോപ്പുകള് ഹാക്ക് ചെയ്തു. ഇവരുടെ ഇമെയിലുകളില്‍ റിക്കവറി ഇമെയിലും ഫോണ്‍ നമ്പറും പുറമെ നിന്ന് ചേര്‍ത്തിട്ടുണ്ട്.
ഇങ്ങനെ ചേര്‍ത്ത ഇമെയില്‍ വിലാസം ഭീമാ കൊറേ ഗാവ് കേസുമായി ബന്ധപ്പെട്ട പൂനെ പൊലീസ് ഉദ്യോഗസ്ഥന്റേതാണ്. റിക്കവറി ഫോണ്‍ നമ്പരും ഇതേ ഉദ്യോഗസ്ഥന് തന്നെയാണ് ഉപയോഗിക്കുന്നത്. പൂനെ പൊലിസിന്റെ വെബ്ഡയറക്ടറി അടക്കം പരിശോധിച്ചാണ് ഇത് ഉറപ്പാക്കിയത്. വാട്സ് ആപ് ഡിപിയില്‍ വരവര റാവുവിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളന വേളയില്‍ ഇയാളെടുത്ത ഒരു സെല്‍ഫിയാണെന്നും കണ്ടെത്തി.


