പാലക്കാട് കാമുകിയെ പത്ത് വര്‍ഷം വീട്ടില്‍ ഒളിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി റഹ്മാനും സജിതയും. കാമുകിയെ 10 വര്‍ഷം ഒളിപ്പിച്ചത് സ്വന്തം മുറിയില്‍ തന്നെയെന്ന് യുവാവ്. പ്രണയത്തില്‍ വീട്ടുകാര്‍ക്കുള്ള എതിര്‍പ്പാണ് കാരണം. ആരും മുറിയില്‍ കയറാതിരിക്കാന്‍ സ്വിച്ചിട്ടാല്‍ ലോക്കാവുന്ന ഓടാമ്പലും ഘടിപ്പിച്ചു. വാടക വീട്ടിലേക്ക് മാറിയത് കോവിഡില്‍ ഭക്ഷണത്തിന് പ്രയാസമനുഭവപ്പെട്ടപ്പോള്‍ മാത്രമാണെന്നും ഇരുവരും വെളിപ്പെടുത്തി.
പത്ത് വര്‍ഷം സജിതയെ ഒരു കുറവും വരുത്താതെയാണ് നോക്കിയതെന്നും സ്വന്തം മുറിയിലാണ് ഒളിച്ച് താമസിപ്പിച്ചതെന്നും യുവാവ് വ്യക്തമാക്കി. പത്ത് വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ പോലും സജിതയ്ക്ക് അസുഖങ്ങളൊന്നും വന്നിരുന്നില്ല. ചെറിയ തലവേദനയും വയറു വേദനയും വരുമെന്നല്ലാതെ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല. പ്രണയത്തില്‍ വീട്ടുകാര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. ഇലക്ട്രിക്ക് കാര്യങ്ങളൊക്കെ നന്നായി അറിയാം. അങ്ങനെയാണ് റിമോര്ട്ടില് വര്‍ക്ക് ചെയ്യുന്ന വാതിലൊക്കെ വെച്ചത്.’ റഹ്മാന് പറയുന്നു.
ലോക്കിംഗ് സിസ്റ്റം, ഇലക്ട്രിക്ക് ഷോക്ക് പോലെയുള്ള ആക്ഷേപങ്ങള്‍ തെറ്റാണ്. അത്തരം കാര്യങ്ങള്‍ ഒന്നും തന്നെയില്ല. സമാധാനത്തോടെ ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നു. പൊലീസിന്റെ പൂര്‍ണ സംരക്ഷണം ഉറപ്പ് നല്‍കിയിട്ടുണ്ട്. തങ്ങളെ ആരും ഉപദ്രവിക്കരുതെന്നും റഹ്മാന് അപേക്ഷിച്ചു.
ആരുമില്ലാത്ത സമയങ്ങളില്‍ പുറത്ത് ഇറങ്ങുമായിരുന്നു എന്ന് സജിതയും പറഞ്ഞു. ‘പകല്‍ സമയത്തും പുറത്ത് ഇറങ്ങുമായിരുന്നു. രാത്രിയില്‍ പുറത്ത് ഇറങ്ങി അല്പനേരം നടക്കും, 10 വര്‍ഷത്തിനിടെ നിരവധി സംഭവങ്ങള്‍ ഉണ്ടായി. കുടുംബത്തെ മരണങ്ങളും കല്യാണങ്ങളും അറിഞ്ഞിരുന്നു. റഹ്മാന്റെ പെങ്ങളുടെ കല്യാണ സമയത്തും താന്‍ ഇവിടെ ഉണ്ടായിരുന്നു’ സജിത പറഞ്ഞു.
പത്ത് വര്‍ഷം വീട്ടുകാരറിയാതെ കാമുകിയെ സ്വന്തം വീട്ടില്‍ താമസിപ്പിച്ച യുവാവിന്റെ കഥ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. റഹ്മാനാണ് സമീപവാസിയായ സജിതയെ വീട്ടില്‍ താമസിപ്പിച്ചത്. യുവാവിന്റെ വീട്ടുകാരോ പൊലീസോ നാട്ടുകാരോ സംഭവമറിഞ്ഞില്ല. മകളെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് സന്തോഷമെന്ന് സജിതയുടെ മാതാപിതാക്കളും പ്രതികരിച്ചു.


