അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ സ്കൂളിന് സമീപമുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 60 ആയി. അതേസമയം ഈദ് പ്രമാണിച്ച് താലിബാന് മൂന്ന് ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ശനിയാഴ്ചയുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ 150ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിന് പിന്നില്‍ താലിബാന് ആണെന്ന് അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി ആരോപിച്ചിരുന്നെങ്കിലും താലിബാന് ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല. അക്രമത്തെ അപലപിച്ച താലിബാന് വക്താവ് സബിഉല്ല മുജാഹിദ് സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും പറഞ്ഞു.
ആക്രമണത്തില്‍ മരിച്ചവരിലേറെയും പതിനഞ്ച് വയസില്‍ താഴെയുള്ളവരാണ്. മെയ് 8നാണ് കാബൂളിലെ ദഷ്തെ ബാര്‍ച്ചിലുള്ള സ്കൂള്‍ കവാടത്തിന് പുറത്ത് സ്ഫോടനമുണ്ടായത്. കുട്ടികള്‍ സ്കൂള്‍ സമയം കഴിഞ്ഞ് മടങ്ങുന്ന സമയത്തായിരുന്നു അപകടം. സ്ഫോടക വസ്തുക്കള്‍ നിറച്ച കാറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഷിയാ മുസ്ലിങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്.
ഈദ് പ്രമാണിച്ച് മൂന്ന് ദിവസം വെടിനിര്‍ത്തല്‍ ആചരിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് താലിബാന് പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനില്‍ രണ്ട് പതിറ്റാണ്ടായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് താലിബാനും യുഎസും കരാറിലെത്തിയത്.


