ഇന്ത്യശ്രീലങ്ക ക്രിക്കറ്റ് മല്‍സരത്തിന് നികുതി കൂട്ടിയ വിവാദത്തില്‍ പക്ഷംപിടിച്ച് സിപിഎം. പട്ടിണക്കാര് ടിക്കറ്റെടുത്ത് ക്രിക്കറ്റ് കാണേണ്ടെന്ന കായികമന്ത്രി വി.അബ്ദുറഹിമാന്റെ പ്രസ്താവനയെ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന് ന്യായീകരിച്ചു. പട്ടിണി കിടക്കുന്നവര്‍ക്ക് കളി ആസ്വദിക്കാന്‍ പ്രയാസമുണ്ടാകും. ഇതാകും മന്ത്രി ഉദ്ദേശിച്ചതെന്ന് ഗോവിന്ദന് കണ്ണൂരില്‍ പറഞ്ഞു.
പട്ടിണി കിടക്കുന്നവരും അല്ലാത്തവരും കായിക മത്സരം ആസ്വദിക്കും. പട്ടിണിക്കാരും അല്ലാത്തവരുമായ എല്ലാവരും കൂടിച്ചേര്ന്നിട്ടാണല്ലോ കളികള്‍ കാണാറുള്ളത്. ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്ബോള്‍ മത്സരം ഇത് തെളിയിക്കുന്നുണ്ടെന്നും എം വി ഗോവിന്ദന് കണ്ണൂരില്‍ പറഞ്ഞു.
മന്ത്രിയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന പ്രതികരണമാണ് എം വി ഗോവിന്ദനില്‍ നിന്നുമുണ്ടായത്. എല്ലാവരും കായിക മത്സരങ്ങള്‍ ആസ്വദിക്കാറുണ്ട്. എന്നാല്‍ കായിക മത്സരങ്ങള്‍ ആസ്വദിക്കുന്നതില്‍ പട്ടിണി കിടക്കുന്നവര്‍ക്ക് ചിലപ്പോള്‍ പ്രയാസമുണ്ടാകുമെന്നാകാം മന്ത്രി ഉദ്ദേശിച്ചതെന്നും എം വി ഗോവിന്ദന് പറഞ്ഞു. വിവാദം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നില്ല മന്ത്രിയുടെ പ്രസ്താവനയെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റ് മല്‍സരത്തിന് വിനോദനികുതി കൂട്ടിയതിനെതിരായ വിമര്‍ശനങ്ങളോട് പ്രതികരിച്ചപ്പോഴാണ് കായികമന്ത്രി പട്ടിണി കിടക്കുന്നവന് കളികാണാന്‍ പോകേണ്ട എന്ന് പറഞ്ഞത്. ജീവിതത്തില്‍ ടിക്കറ്റെടുത്ത് കളി കണ്ടിട്ടില്ലാത്തവരാണ് വിമര്‍ശിക്കുന്നതെന്നും മന്ത്രി പരിഹസിച്ചിരുന്നു. ഞായറാഴ്ചയാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യശ്രീലങ്ക ഏകദിനം. കഴിഞ്ഞ വര്‍ഷം രാജ്യാന്തരമല്‍സരം നടന്നപ്പോള്‍ 5 ശതമാനമായിരുന്നു വിനോദനികുതി. ഇത്തവണ ഇത് 12 ശതമാനമാക്കി. ജിഎസ്ടി കൂടി ചേരുമ്പോള്‍ നികുതി 30 ശതമാനമാകും.
അതേസമയം ടിക്കറ്റ് നിരക്കിലെ വിവാദങ്ങളെക്കുറിച്ച് ബി.സി.സി.സി കേരള ക്രിക്കറ്റ് അസോസിയേഷനോട് വിവരങ്ങള്‍ ആരാഞ്ഞു. കഴിഞ്ഞ മല്‍സരത്തിന് മുമ്പ് സ്പോര്‍ട്സ് ഹബ്ബിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതും വിവാദമായിരുന്നു.


