കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം കിസാന്‍ സംയുക്ത മോര്‍ച്ചയ്ക്ക് ഉറപ്പ് നല്കി. സമരം അവസാനിപ്പിക്കാന്‍ സിംഘുവില്‍ സംയുക്ത മോര്‍ച്ച യോഗം പുരോഗമിക്കുകയാണ്. സിംഘുവിലെ ടെന്റുകള്‍ കര്‍ഷകര്‍ പൊളിച്ചു തുടങ്ങി.
നേരത്തെ സമരം അവസാനിപ്പിച്ചാലേ കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ കര്‍ഷക സംഘടനകള്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസുകള്‍ പിന്‍വലിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറൂ എന്നും കര്‍ഷക സംഘനടകള്‍ വ്യക്തമാക്കി. ഒടുവില്‍ കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ കേന്ദ്രം, കേസുകളെല്ലാം പിന്‍വലിക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്കി.
മിനിമം താങ്ങുവിലയ്ക്ക് നിയമസാധുത നല്‍കുന്നതിന് നടപടി എടുക്കാമെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച മറ്റൊരു നയംമാറ്റം. ഇതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കാര്‍ഷിക വിദഗ്ധരും സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിനിധികളും അടങ്ങുന്ന സമിതിയുണ്ടാക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കര്‍ഷകസമരത്തില്‍ മരിച്ചവര്‍ക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്കിയ പഞ്ചാബ് സര്‍ക്കാറിന്റെ മാതൃകയില്‍ ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാറുകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.
രേഖാമൂലം ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിച്ച് വിജയ പ്രഖ്യാപനം നടത്താന്‍ കര്‍ഷകര്‍ ഒരുങ്ങുന്നത്. നേരത്തെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും രാഷ്ട്രപതി ഒപ്പിട്ടതോടെ റദ്ദായിരുന്നു.