കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തോടാവശ്യപ്പെടണമെന്ന് പ്രതിപക്ഷം രാഷ്ട്രതിയെ കണ്ട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് നിവേദനം നല്കി. രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, സീതാറാം യച്ചൂരി, ഡി.രാജ എന്നിവര്‍ രാഷ്ട്രപതിയെ കണ്ടു. കര്‍ഷകര്‍ക്ക് സര്‍ക്കാരിലുളള വിശ്വാസം നഷ്ടപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
അവസാന പരിഹാരനീക്കവും പരാജയപ്പെട്ടതോടെ കോര്‍പറേറ്റുകള്‍ക്കെതിരെ പ്രത്യക്ഷസമരം അടക്കം വന്‍ പ്രഖ്യാപനങ്ങളുമായി കര്‍ഷക സംഘടനകളും രംഗത്തെത്തി. റിലയന്‍സ് ഉല്പന്നങ്ങള് ബഹിഷ്കരിക്കുമെന്ന് കര്‍ഷകര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സംസ്ഥാന, ജില്ലാകേന്ദ്രങ്ങളില്‍ തിങ്കളാഴ്ച പ്രതിഷേധപ്രകടനം നടത്തും. ഡല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കും. ദേശീയപാതകളിലെ ടോള്‍ പിരിവ് തടയും.
രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താന്‍ ആഹ്വാനം ചെയ്തു. ബിജെപി ജനപ്രതിനിധികളെ പൂര്‍ണമായി ബഹിഷ്കരിക്കും. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടിലുറച്ച് കര്‍ഷകര്‍ സമരം കടുപ്പിക്കുകയാണ്.


