അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എംഎല്‍എയുടെ ഭാര്യ കെ.എം. ആശയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്റെ നോട്ടീസ്. ഈ മാസം 17ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദേശം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കോര്പ്പറേഷന് വീട് പൊളിച്ചു മാറ്റാം. ചേവായൂര്‍ മാലൂര്‍ കുന്നിലെ വീട് അനധികൃതമാണെന്ന് കോഴിക്കോട് കോര്പ്പറേഷന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ ക്രമവല്ക്കരണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ആദ്യം പിഴ അടയ്ക്കാന്‍ തയ്യാറായ കെ.എം. ഷാജിയും ഭാര്യയും പുതുക്കിയ പ്ലാന്‍ കോര്പ്പറേഷന് നല്‍കിയിരുന്നു. എന്നാല്‍ ഈ പ്ലാനിലും ഗുരുതരമായ അപാകതകളാണ് കണ്ടെത്തിയത്. തുടര്‍ന്ന് ക്രമവല്‍ക്കരണ നടപടിയുമായി മുന്നോട്ട് പോകാന്‍ കെ.എം.ഷാജിയും ഭാര്യയും തയ്യാറാകാത്ത സാഹചര്യത്തില്‍ ആണ് നോട്ടീസ് അയച്ചത്.
അതേസമയം, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറിന്റെ ഭാര്യ നഫീസയില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് മൊഴിയെടുത്തു. മൊഴിയെടുക്കല്‍ 10 മണിക്കൂര്‍ നീണ്ടു. കെ.എം. ഷാജി എംഎല്‍എയുടെ വീട് അനധികൃത സ്വത്താണെന്ന പരാതിയിന്മേലാണ് നഫീസയെ വിളിപ്പിച്ചത്. ഷാജിയുടെ ഭാര്യ കെ.എം. ആശ, മുനീറിന്റെ ഭാര്യ നഫീസ എന്നിവരാണ് ബന്ധുവായ മറ്റൊരാള്‍ക്കൊപ്പം മാലൂര്‍ കുന്നിലെ 90 സെന്റ് ഭൂമി വാങ്ങിയത്. നഫീസയുടെ പേരില്‍ വാങ്ങിയ 30 സെന്റ് ഭൂമി പിന്നീട് മറ്റൊരാള്‍ക്ക് വില്‍ക്കുകയായിരുന്നു.


