മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് നാളെ എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരായേക്കില്ല. സി.എം രവീന്ദ്രന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുടരും. വൈകിട്ട് എം.ആര്.ഐ സ്കാനിങ് നടത്തും. തുടര്‍ന്ന് ആരോഗ്യ സ്ഥിതി വിലയിരുത്തും.
സി എം രവീന്ദ്രന് കടുത്ത തലവേദനയും, ക്ഷീണവുമുണ്ട്. തലച്ചോറിന്റെ എം.ആര്.ഐ. സ്കാന്‍ എടുക്കണമെന്നും വിശദ പരിശോധനകള്‍ക്ക് ശേഷം മാത്രം ഡിസ്ചാര്‍ജ് ചെയ്യുകയുള്ളു എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. ഇന്നലെയാണ് സിഎം രവീന്ദ്രന് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്.
ഇത് മൂന്നാം തവണയാണ് ചോദ്യംചെയ്യലിന്റെ തൊട്ടു മുന്‍പ് രവീന്ദ്രന് ആശുപത്രിയില്‍ പ്രവേശിക്കുന്നത്. കൊവിഡാനന്തര പരിശോധനകള്‍ക്കായിരുന്നു ഇതിന് മുന്‍പും ആശുപത്രിയില്‍ പോയത്. സിപിഐഎം അടക്കം നടപടികളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കെ ഫോണ്‍, ലൈഫ് മിഷന് പദ്ധതികളിലെ കള്ളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ചാണ് രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുന്നത്.