സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ മത്സരങ്ങള്‍ നവംബര്‍ 10 വ്യാഴാഴ്ച തുടങ്ങുന്ന സാഹചര്യത്തില്‍ മത്സരത്തിനെത്തുന്ന വിദ്യാര്‍ത്ഥികളുടെ വാഹനങ്ങളുടെ പാര്‍ക്കിങ് ക്രമീകരണങ്ങള്‍ തയാറായി. ജി.സി.ഡി.എയുടെയും കൊച്ചി കോര്‍പ്പറേഷന്റെയും ഉടമസ്ഥതയിലുള്ള പാര്‍ക്കിങ് സൗകര്യമാണ് പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്.
പ്രവൃത്തി പരിചയ മേളയുടെ വേദിയായ തേവര എസ്.എച്ച് സ്കൂളില്‍ പങ്കെടുക്കുവാന്‍ വരുന്നവരുടെ വാഹനങ്ങള്‍ കുണ്ടന്നൂര്‍ – ബി.ഒ.ടി. പാലം റോഡിന് ഇരുവശത്തും പാര്‍ക്ക് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. തേവര എസ്.എച്ച് സ്കൂള്‍ ഗ്രൗണ്ടില്‍ കുട്ടികളെയും ഉപകരണങ്ങളും ഇറക്കിയതിനു ശേഷമായിരിക്കും വാഹനങ്ങള്‍ പോകേണ്ടത്. തേവരയില്‍ നിന്നും കുണ്ടന്നൂര്‍ – ബി.ഒ.ടി പാലം റോഡില്‍ പ്രവേശിക്കുന്നതിന് തൊട്ടു മുന്‍പുള്ള ഒരു ഗ്രൗണ്ടും പാര്‍ക്കിങ്ങിനായി പ്രയോജനപ്പെടുത്തും.
മറ്റു വേദികളില്‍ വിദ്യാര്ത്ഥികളുമായിയെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ എറണാകുളം മറൈന്‍ ഡ്രൈവ്, എറണാകുളത്തപ്പന് ഗ്രൗണ്ട്, കലൂര്‍ മണപ്പാട്ടി ഗ്രൗണ്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. ലോ ആന്‍ഡ് ഓര്‍ഡര്‍ കമ്മിറ്റിക്കാണ് വാഹനങ്ങളുടെ പാര്‍ക്കിങ് ക്രമീകരണ ചുമതല.
പെരുമാനൂര്‍ സെന്റ് തോമസ് സ്കൂള്‍, എറണാകുളം സെന്റ് തെരേസാസ് സ്കൂള്‍, എറണാകുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെന്റ് മേരീസ് സ്കൂള്‍, ഇടപ്പള്ളി പയസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലാണു പെണ്‍കുട്ടികള്‍ക്കു താമസസൗകര്യം ക്രമീകരിച്ചിരിക്കുന്നത്.
പെരുമാനൂര്‍ സി.സി.പി.എല്‍.എം, തൃക്കണാര്‍വട്ടം എസ്.എന്‍ സ്കൂള്‍, ചാത്തിയത്ത് സെന്റ് ജോസഫ് ഹൈസ്കൂള്‍, ചാത്തിയത്ത് എല്‍.എം.സി.സി സ്കൂള്‍, എളമക്കര ഗവ.സ്കൂള്‍, ഇടപ്പള്ളി ഗവ.സ്കൂള്‍, കലൂര്‍ സെന്റ്.അഗസ്റ്റിന് സ്കൂള്‍ എന്നിവിടങ്ങളില്‍ ആണ്‍കുട്ടികള്‍ക്കു താമസ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
താമസ സ്ഥലത്തു നിന്നും മത്സരവേദികളിലേക്കെത്തുവാന് സ്കൂള്‍ വാഹനങ്ങളും സംഘാടക സമിതി ഒരുക്കി കഴിഞ്ഞു.


