ഇന്ന് ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. ബസുടമകളും ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നിരക്കു വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ പത്തു ദിവസത്തിനകം തീരുമാനമെടുക്കാമെന്ന് ഗതാഗതമന്ത്രി ബസുടമകള്‍ക്ക് ഉറപ്പു നല്കി. സമരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നടന്ന ചര്‍ച്ചയിലാണ് സമവായം.
മിനിമം ബസ്ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് 6 രൂപയാക്കുക കൊവിഡ് കാലം കഴിയും വരെ വാഹന നികുതി ഒഴിവാക്കണം തുടങ്ങിയവയായിരുന്നു പ്രധാനമായും ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍. ബസ് ഉടമകള്‍ ഉന്നയിച്ച വിഷയങ്ങളില്‍ പത്ത് ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന ഗതാതഗതമന്ത്രി ആന്റണി രാജു ഉറപ്പു നല്‍കിയതോടെയാണ് സമരം പിന്‍വലിച്ചത്. 15 ദിവസം മുമ്പാണ് സ്വകാര്യ ബസ് ഉടമകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം പ്രഖ്യാപിച്ചത്.
കൊവിഡ് പശ്ചാത്തലത്തില്‍ 60 ശതമാനം ബസുകള്‍ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു എന്നും അതില്‍ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാല്‍ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകള്‍ പറയുന്നു.
അതേസമയം നികുതിയിളവ് പ്രായോഗികമല്ലെന്ന സൂചന സര്‍ക്കാര്‍ ബസുടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. രണ്ടാം ഘട്ട ചര്‍ച്ച അടുത്തയാഴ്ച നടക്കും.


