കണ്ണൂർ: കണ്ണൂരിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. നിതിൻ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടതായി ദൃക്സാക്ഷികളുടെ മൊഴിയും പൊലീസിന് ലഭിച്ചു.
കോളജിനകത്തുള്ള സിസിടിവി ദൃശ്യങ്ങളും ചില രേഖകളും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് നിതിൻ രാജ് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. പ്രിൻസിപ്പലിന്റെ മുറിയിൽ എന്ത് സംഭവിച്ചുവെന്ന കാര്യം വ്യക്തമല്ല. സംഭവം നടക്കുന്ന സമയത്ത് പ്രിൻസിപ്പലിന്റെ മുറിയിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്ന കാര്യവും പരിശോധിച്ചുവരികയാണ്.


