മുല്ലപെരിയാറിലെ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവിറക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി. ഇതോടെ അദ്ദേഹത്തിനെതിരെ നടപടി വരുമെന്ന അഭ്യൂഹം ശക്തമാകുന്നു. വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് വനം വകുപ്പിലുള്ള രേഖകളുടെ പരിശോധന ആരംഭിച്ചു. കേന്ദ്ര വന നിയമങ്ങളുടെ ലംഘനം ഉണ്ടായി എന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍.
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദം വേണ്ടെന്നും സുപ്രീം കോടതി അനുവാദം നല്‍കിയിട്ടുണ്ടെന്നുമാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസും വനം മേധാവി പി.കെ. കേശവനും സര്‍ക്കാരിനെ അറിയിച്ചത്. ഇത് പൂര്‍ണമായും തള്ളിക്കൊണ്ടാണ് വിവാദ ഉത്തരവ് തുടര്‍ നടപടികളില്ലാതെ മാറ്റിവെക്കാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചത്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേന്ദ്ര വന്യജീവി ബോര്‍ഡ് എന്നിവയുടെ അനുമതിയില്ലാത്തതിനാലും വിവാദ ഉത്തരവ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താത്തതിനാലും തല്ക്കാലം തുടര്‍ നടപടി വേണ്ട എന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം പറയുന്നത്.
കേന്ദ്ര സര്‍ക്കാരും തമിഴ്നാട് സര്‍ക്കാരുമായുള്ള ആശയ വിനിമയം, സുപ്രിം കോടതിയില്‍ നല്കിയ രേഖകള്‍ എന്നിവയുടെ പരിശോധന സര്‍ക്കാര്‍ ആരംഭിച്ചു. സംസ്ഥാന താല്പര്യം അട്ടിമറിക്കപ്പെട്ടു എന്നതിലും സര്‍ക്കാരിന് ആശങ്കയുണ്ട്.
വൈല്‍ഡ് ലൈഫ് വാര്‍ഡനെ മാറ്റി നിറുത്തി വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുന്നതുള്‍പ്പെടെ പരിഗണനയിലാണ്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയുമാണ്.


