മൂവാറ്റുപുഴ : മൗനം അടിച്ചമര്‍ത്തപ്പെടുന്നവന്റെ ഭീകരമായ പ്രതിഷേധമാണെന്ന് മാത്യു കുഴല്‍ നാടന്‍ എം എല്‍ എ . പ്രധാനമന്ത്രിയുടെ മൗനം തുറന്ന് കാട്ടുന്നതിനും അതിനോട് പ്രതിഷേധിക്കുന്നതിനും അടിച്ചമര്‍ത്തപ്പെടുന്നവന്റെ മൗനം തന്നെ ആയുധമാക്കിയാണ് മിണ്ടാതുരിയാടാതുപവാസം സമര മുറനടത്തിയത്.
2002 ലും മോദി മൗനത്തിലായിരുന്നു. ഗുജറാത്തില്‍ മുസ്ലീം സമൂദായത്തെയാണ് മൗനത്തില്‍ വേട്ടയാടിയത്. 2023 ല്‍ മണിപ്പൂരില്‍ ക്രൈസ്തവ സമൂഹത്തെ കൂട്ടത്തോടെ വേട്ടയാടുമ്പോഴും മൗനത്തിലായ നരേന്ദ്ര മോദിയില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനില്ല.
വിചാരധാരയില്‍ പറഞ്ഞിട്ടുളള പ്രത്യയ ശാസ്ത്രമാണ് മോദിയുടേത്. ഇതനുസരിച്ചാണ് മോദി പ്രവര്‍ത്തിക്കുന്നത്. ഇത് രാജ്യത്തിന്റെ ഐക്യത്തിനും അകണ്ഡതയ്ക്കും ആപത്താണ് . ഇതിനെതിരെ പ്രതീകരിക്കാന്‍ ഓരോ മതേതര വിശ്വാസിയും രംഗത്ത് വരണമെന്നും മാത്യു കുഴല്‍ നാടന്‍ എം എല്‍ എ പറഞ്ഞു.
തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി മുവാറ്റുപുഴയിലെ ജനങ്ങളോട് പറഞ്ഞ വാക്ക് കറ തീര്‍ന്ന മതേതര വാദി ആയിരിക്കുമെന്നാണ്. അതുകൊണ്ട് തന്നെയാണ് മണിപ്പൂരിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖാപിച്ചു ഈ സഹന സമരത്തിന് തയ്യാറായത്. സമര പന്തലില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എത്തിച്ചേര്‍ന്ന എല്ലാ നേതാക്കന്മാര്ക്കും മത മേലധ്യക്ഷന്മാര്ക്കും നാട്ടുകാര്‍ക്കും എം എല്‍ എ നന്ദി പറഞ്ഞു.


