കൊളംബോ: പ്രസിഡന്റ് ഗോത്തബായ രജപക്സെയുടെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കയില്‍ തുടരുന്ന പ്രതിഷേധം അക്രമാസക്തമായി. പ്രസിഡന്റിന്റെ വീട് പ്രതിഷേധക്കാര്‍ കയ്യേറിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയിരക്കണക്കിന് ആളുകള്‍ വീട്ടിലേക്ക് ഇടിച്ചു കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലസ് കണ്ണീര് വാതകം പ്രയോഗിച്ചു. സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം നടക്കുന്നത്.
പ്രസിഡന്റിന്റെ വീട് പ്രതിഷേധക്കാര്‍ വളഞ്ഞതോടെ ഗോത്തബായ രജപക്സെ സുരക്ഷിത താവളത്തിലേക്ക് മാറിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബസുകളിലും, ട്രെയിനുകളിലും ട്രക്കുകളിലുമായി ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാനമായ കൊളംബോയില്‍ എത്തിയത്. സര്‍ക്കാര്‍ വിരുദ്ധ റാലിക്ക് മുന്നോടിയായി ശ്രീലങ്കയില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ നിയന്ത്രണം ലംഘിച്ചതോടെ കര്‍ഫ്യൂ പിന്‍വലിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിഷേധങ്ങളെ തുടര്‍ന്ന് സൈന്യത്തിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചയും പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. മാസങ്ങളായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്നാണ് ആരോപണം. മാര്‍ച്ച് മുതല്‍ തന്നെ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധങ്ങള്‍ നടന്നിരുന്നു.


