പറവൂര്‍:സിഗരറ്റ് വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാണിയക്കാട് കണ്ടന്തറ വീട്ടില്‍ സുധന് മകന് മനു എന്ന് വിളിക്കുന്ന മനോജ് (41) ആണ് ഇന്ന് രാവിലെ മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് മനുവിനെ വാണിയക്കാട് ബീവറേജസിനു സമീപം കട നടത്തുന്ന പനച്ചിക്കപ്പറമ്പില്‍ സുരേന്ദ്രന് മകന് സജ്ജന്‍ (52), ഇയാളുടെ അനുജന് സാജു (48), കൂട്ടുകാരന് കുടത്തിപ്പാടം നാരായണന് മകന് ബിജു (50) എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.
സജ്ജന്റെ കടയില്‍ നിന്നു സിഗരറ്റ് വാങ്ങിയ ഇനത്തില്‍ 35 രൂപ മനു നല്‍കാനുണ്ടായിരുന്നു. ഇതിനെ ചൊല്ലിയുള്ള വാക്കു തര്‍ക്കത്തിനൊടുവില്‍ സാജുവും കൂട്ടുകാരനും ചേര്‍ന്ന് മനുവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ വീട്ടുകാര്‍ പറവൂര്‍ താലൂക്കാശുപത്രിയിലും തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വാരിയെല്ല് ഒടിഞ്ഞ നിലയിലായിരുന്നു.
സംഭവത്തില്‍ സാജുവിനെയും കൂട്ടുകാരനെയും പോലീസ് നേരത്തേ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഒളിവിലായിരുന്ന സജ്ജനും പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഡ്രൈവറായ മനു അവിവാഹിതനാണ്. പറവൂര്‍ ഇന്‍സ്പെക്ടര്‍ ഷോജോ വര്‍ഗീസിനാണ് അന്വേഷണ ചുമതല. മാതാവ്: സരള. സഹോദരങ്ങള്‍: ബേബി, സിനോജ്.


