ഊട്ടി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ 13 പേര് മരിച്ചു തമിഴ്നാട്ടിലെ ഊട്ടിയ്ക്ക് അടുത്ത് കൂനൂരിലാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. 80 ശതമാനം പൊള്ളലേറ്റ ബിപിന്‍ റാവത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. എംഐ-17വി5 എന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. സുലൂരിലെ സൈനിക താവളത്തില്‍ നിന്ന് മി-സീരീസ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ നീലഗിരിയിലാണ് തകര്‍ന്നു വീണത്.
അപകട കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്രമന്ത്രിസഭ യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ എയര്‍ഫോഴ്സ് ഹെലികോപ്റ്റര്‍ തകര്‍ന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളില്‍ വന്‍ തീപിടിത്തവും നാട്ടുകാര്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കുന്നതും കാണാം. തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി സംഘങ്ങള്‍ സ്ഥലത്തുണ്ട്. പ്രാദേശിക സൈനിക ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എംഐ 17 വി 5 ഹെലികോപ്റ്ററില്‍ പരിക്കേറ്റ എല്ലാവരെയും അപകടസ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വെല്ലിംഗ്ടണിലെ ഡിഫന്‍സ് സ്റ്റാഫ് കോളേജിലേക്ക് പോകുന്നതിനിടെയാണ് ബിപിന്‍ റാവത്തും സംഘവും അപകടത്തില്‍പ്പെട്ടത്.
ഏതാനും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റര്‍ കോയമ്പത്തൂരിലെ സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലെ ഡിഎസ്സിയിലേക്ക് പോകുകയായിരുന്നു, അവിടെ റാവത്തും ആര്‍മി സ്റ്റാഫ് ചീഫ് എംഎം നരവാനെയും പങ്കെടുക്കേണ്ടിയിരുന്ന പരിപാടി ഉണ്ടായിരുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച കുറവായതിനാലാണ് ഹെലികോപ്ടര്‍ വനമേഖലയില്‍ തകര്‍ന്നുവീണതെന്നും റിപ്പോര്‍ട്ടുണ്ട്. സൈനിക ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ഡി.എന്‍.എ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.


