തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 7.55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. തിരുവനനന്തപുരം ജില്ലയില്‍ 6.98 ശതമാനവും കൊല്ലം ജില്ലയില്‍ 7.68 ശതമാനവും പത്തനംതിട്ട ജില്ലയില്‍ 8.16 ശതമാനവും ആലപ്പുഴ ജില്ലയില്‍ 7.92 ശതമാനവും ഇടുക്കി ജില്ലയില്‍ 7.53 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി.
അതേസമയം കൊല്ലത്ത് രണ്ട് ബൂത്തിലും തിരുവനന്തപുരത്ത് മൂന്ന് ബൂത്തിലും യന്ത്രത്തകരാര്‍. ആലപ്പുഴയില്‍ ആറിടത്ത് യന്ത്രത്തകരാര്‍ മൂലം പോളിങ് തടസപ്പെട്ടു. പത്തനംതിട്ട റാന്നി പുല്ലൂപ്രത്തും വോട്ടിങ് യന്ത്രത്തകരാര്‍ കണ്ടെത്തി. ആദ്യഘട്ടത്തില്‍ കനത്ത പോളിങ്ങാണ്. പതിവിലും കൂടുതല്‍ സമയം വോട്ട് രേഖപ്പെടുത്താന്‍ എടുക്കുന്നുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്, എംപിമാരായ സുരേഷ് ഗോപി, എന്‍ പ്രേമചന്ദ്രന് എന്നിവര്‍ വോട്ട് ചെയ്തു.
ഇതുവരെ വോട്ട് ചെയ്തിരിക്കുന്നവരില്‍ ഒന്‍പത് ശതമാനം പുരുഷ വോട്ടര്‍മാരാണ്. 6.25 ശതമാനം സ്ത്രീവോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി. ജില്ലകളില്‍ ആദ്യഘട്ടത്തില്‍ ശക്തമായ പോളിംഗാണ് നടക്കുന്നത്. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിനായി രാവിലെ തന്നെ പോളിംഗ് സ്റ്റേഷനുകളിലേക്ക് വോട്ടര്‍മാര്‍ എത്തി തുടങ്ങിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയോടെയാണ് വോട്ടിംഗ് നടക്കുന്നത്. സാമൂഹിക അകലം പാലിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടര്‍മാര്‍ നില്‍ക്കേണ്ടത്.
മാസ്ക് ധരിച്ചുമാത്രമെ വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്താവൂ. വൈകിട്ട് ആറുവരെ ബൂത്തിലെത്തുന്നവരെ വോട്ടുചെയ്യാന്‍ അനുവദിക്കും. മറ്റുള്ളവരുടെ പോളിങ് അവസാനിച്ചശേഷമാകും കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത്. അപ്പോഴേക്കും പോളിങ് ഉദ്യോഗസ്ഥര്‍ പി.പി.ഇ കിറ്റ് ധരിക്കും. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്റീനില്‍ പോകേണ്ടിവന്നവര്‍ക്കും വോട്ടുചെയ്യാം. വോട്ടെണ്ണല്‍ 16 നാണ്.


