തദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ അഞ്ചു ജില്ലകള്‍ വിധിയെഴുതി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പോളിങ് സമയം അവസാനിച്ചു. ഇന്നലെ മൂന്നുമണിക്കുശേഷം കോവിഡ് പോസിറ്റീവായവരുടെയും ക്വാറന്റീനിലുളളവരുടെയും പോളിങ് ഉടന്‍ പൂര്‍ത്തിയാകും. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 72 ശതമാനമാണ് പോളിങ്. അഞ്ചു ജില്ലകളില്‍ ആലപ്പുഴയിലാണ് ഉയര്‍ന്ന പോളിങ്. തിരുവനന്തപുരത്ത് കുറവും. വോട്ടെടുപ്പ് സമാധാനപരമായിരുന്നു.
രണ്ടാംഘട്ടവോട്ടെടുപ്പ് നടക്കുന്ന അഞ്ചു ജില്ലകളില്‍ പരസ്യപ്രചാരണം സമാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ്. അഞ്ച് ജില്ലകളിലായി അന്‍പതോളം ബൂത്തുകളില്‍ വോട്ടിങ്ങ് മെഷീന് തകരാറിനെ തുടര്‍ന്ന് പോളിങ്ങ് ആദ്യമണിക്കൂറില്‍ തടസപ്പെട്ടു. കൊല്ലത്ത് സി.പി.എം ചിഹ്നം പതിച്ച മാസ്കുമായെത്തിയ പ്രിസൈഡിങ് ഓഫീസറെ മാറ്റി. കൊട്ടാരക്കര മൂലംകുഴി ബൂത്തിലെ പോളിങ് ഓഫീസറെയും മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്ന് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം കാട്ടാക്കടയില്‍ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ബൂത്തില്‍ സി.പി.എം വോട്ട് തേടിയെന്ന കോണ്‍ഗ്രസ് പരാതിയാണ് ബഹളത്തില്‍ കലാശിച്ചത്. പൊലീസെത്തി പ്രവര്‍ത്തകരെ ഒഴിപ്പിച്ചു. റാന്നിയില്‍ വോട്ടുചെയ്തിറങ്ങിയ തൊണ്ണൂറുകാരനും ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ വോട്ടുചെയ്യാനെത്തിയ അറുപത്തിയെട്ടുകാരനും കുഴഞ്ഞുവീണ് മരിച്ചു. മത്തായി, ബാലന് എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യന്ത്രത്തകരാര്‍ വളരെ കുറവാണ്. എങ്കിലും തിരുവനന്തപുരത്ത് 13ഉം ആലപ്പുഴയില്‍ 14ഉം കൊല്ലത്ത് 12 ഉം പത്തനംതിട്ടയില്‍ 8ഉം ഇടുക്കിയില്‍ നാലിടങ്ങളിലും ആദ്യ മണിക്കൂറില്‍ പണിമുടക്കി. പലയിടത്തും ഒരു മണിക്കൂര്‍ വരെ പൊളിങ്ങ് തടസപ്പെട്ടെങ്കിലും 10 മണിയോടെ എല്ലായിടത്തും വോട്ടെടുപ്പ് സുഗമമായി.


