മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവില്‍ വിശദീകരണം തേടാന്‍ സര്‍ക്കാര്‍. വനം ജലവിഭവ സെക്രട്ടറിമാരില്‍ നിന്നാണ് സര്‍ക്കാര്‍ വിശദീകരണം തേടുക. സെക്രട്ടറിമാരുടെ യോഗം ചേരാനുണ്ടായ കാരണം വ്യക്തമാക്കാനാണ് നിര്‍ദേശം. എന്നാല്‍ യോഗ തീരുമാനം അനുസരിച്ചാണ് ഉത്തരവ് എന്നായിരുന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വിശദീകരണം.
ഉത്തരവിറക്കിയതില്‍ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചന് തോമസിനെതിരായ നടപടിയാണ് തീരുമാനിക്കുക. ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ് പങ്കെടുത്ത യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നാണ് ബെന്നിച്ചന് സര്‍ക്കാരിന് നല്കിയ വിശദീകരണം.
ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 15 മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തമിഴ്നാടിന് നല്കിയ അനുമതി വിവാദമായതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് മരവിപ്പിച്ചത്. പുതിയ ഉത്തരവ് തമിഴ്നാടിന് കൈമാറും. ഇന്ന് നിയമസഭാ സമ്മേളനം പുനരാരംഭിക്കുമ്പോള്‍ മുല്ലപെരിയാര്‍ വിഷയത്തെ ചൊല്ലി പ്രക്ഷുബ്ദമാകാനാണ് സാധ്യത.
സര്‍ക്കാര്‍ നടപടി മൂലം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ആശങ്ക ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കും. മരമുറി ഉത്തരവില്‍ ഉന്നതതല അന്വേഷണം വേണമെന്ന നിലപാടിലാണ് സിപിഐ.


